റോഡ് നിറഞ്ഞ് ‘അനാക്കോണ്ട'

തോപ്പുംപടി -‑ കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി വെസ്‍റ്റിബുൾ (അനാക്കോണ്ട) 
ബസ് ആലപ്പുഴയിലെത്തിയപ്പോൾ


  ആലപ്പുഴ പേര്: വെസ്‌റ്റിബ്യുൾ. അങ്ങനെ പറഞ്ഞാൽ ആർക്കും പിടികിട്ടില്ല. പാമ്പ്‌ വണ്ടിയെന്നോ അനാക്കോണ്ട ബസെന്നോ ആയാൽ സംഗതി വ്യക്തം. വെസ്‌റ്റിബ്യുൾ എന്ന കെഎസ്ആർടിസിയുടെ നെടുനീളൻ നീല ബസിൽ ആലപ്പുഴക്കാർക്കും കയറാം. തോപ്പുംപടി–-- കരുനാഗപ്പള്ളി റൂട്ടിലെ ബസ് ആലപ്പുഴയിലൂടെയാണ്‌ യാത്ര. ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷനിൽ ബസ്‌ തിരിയുന്നത്‌ കണ്ടാൽ അനാക്കോണ്ടയുടെ വരവ്‌ പോലെതന്നെ. തിരിയാൻ മറ്റ്‌ വണ്ടികൾ വഴിമാറിക്കൊടുക്കുന്നുമുണ്ട്‌.  10 വർഷം മുമ്പ് കെഎസ്ആർടിസി പുറത്തിറക്കിയ ബസാണിത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം എന്നിവിടങ്ങളിൽ ഓടിയ ബസ് ഇപ്പോൾ കരുനാഗപ്പള്ളി ഡിപ്പോയ്‌ക്ക്‌ കൈമാറിയതാണ്‌. കരുനാഗപ്പള്ളി– -തോപ്പുംപടി റൂട്ടിൽ പരീക്ഷണ ഓട്ടമാണിത്‌. വലിയ വളവുകൾ ഏറെയില്ലാത്ത റൂട്ടായതിനാലാണ്‌ ഈ സർവീസ്‌ തെരഞ്ഞെടുത്തത്‌. ഓർഡിനറി സർവീസിന്റെ നിരക്കേയുള്ളൂ. കണ്ടാൽ രണ്ട് ബസുകൾ ചേർത്തതുപോലെ. ട്രെയിനിന്റെ ബോഗികൾ ഘടിപ്പിച്ചിരിക്കുന്ന മാതിരി ഒന്നിനോടൊന്ന്‌ ചേർന്നിരിക്കുന്നു. 60 സീറ്റ്‌. നീളം 17 മീറ്റർ. സാധാരണ ബസുകളുടേത്‌ 12 മീറ്റർ. ഇന്ധനം ഡീസൽ. മൈലേജ് മൂന്ന് കിലോമീറ്റർ. രാവിലെ 8.30-ന് കരുനാഗപ്പള്ളിയിൽനിന്ന് പുറപ്പെടും. പകൽ 1.20-ന് തോപ്പുംപടിയിലെത്തും. തോപ്പുംപടിയിൽനിന്ന് രണ്ടിന് തിരിക്കും. രാത്രി ഏഴിന് കരുനാഗപ്പള്ളിയിലെത്തും. വടക്കോട്ട്‌ സർവീസിൽ ആലപ്പുഴയിൽ എത്തുന്നത്‌ പകൽ 11ന്‌. വൈകിട്ട്‌ 4.10ന്‌ ആലപ്പുഴയിൽ നിന്ന്‌ കരുനാഗപ്പള്ളിയിലേക്ക്‌ പോകും. Read on deshabhimani.com

Related News