ആറ്റുകൊഞ്ച്‌ ഉൽപ്പാദനം 100 ടണ്ണിലേക്ക്‌ ഇടിഞ്ഞു



ആലപ്പുഴ മത്സ്യത്തൊഴിലാളികൾക്ക്‌ വരുമാനമായിരുന്ന ആറ്റുകൊഞ്ച്‌ കായലിൽ നാമാവശേഷമാകുന്നു. ആറ്റുകൊഞ്ചിന്റെ ഉൽപ്പാദനം 300 ടണ്ണിൽനിന്ന്‌ 100 ടണ്ണിലേക്ക്‌ കുറഞ്ഞു. അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്ച്‌ ഇൻ ഇക്കോളജി ആൻഡ്‌ ദി എൻവയൺമെന്റ്‌, കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്‌സ്‌ സെന്റർ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സഹായത്തോടെ നടത്തിയ ഫിഷ്‌കൗണ്ടിലാണ്‌ കണ്ടെത്തൽ.  ജീവിതചക്രത്തിന്റെ ഭൂരിഭാഗവും ശുദ്ധജലത്തിൽ ചെലവഴിക്കുന്ന ആറ്റുകൊഞ്ച്‌ മുട്ടയിടാൻ കായലിന്റെ വടക്കൻ പ്രദേശങ്ങളിലേക്ക്‌ പ്രയാണം നടത്തും. ഓരുവെള്ളത്തിന്റെ അസാന്നിധ്യത്തിൽ മുട്ടവിരിയൽ പ്രക്രിയ ശരിയായ രീതിയിൽ നടക്കാതെവരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ അശാസ്‌ത്രീയ പ്രവർത്തനവും വേനൽമഴയുടെ ഏറ്റക്കുറച്ചിലുകളും തെക്കൻ പ്രദേശങ്ങളെ ശുദ്ധജല സ്വഭാവമുള്ളതാക്കി മാറ്റുന്നതായി ഫിഷ്‌കൗണ്ടിൽ വിലയിരുത്തി.  നാലുവർഷത്തെ ഉൾനാടൻ മത്സ്യ സൊസൈറ്റികളുടെയും മാർക്കറ്റ്‌, ലാൻഡിങ്‌ സെന്ററുകളിലെയും ഡാറ്റയും ആറ്റുകൊഞ്ചിന്റെ ഇടിവ്‌ വ്യക്തമാക്കുന്നു. കായലിന്റെ തെക്കൻ പ്രദേശങ്ങളിലെ കണക്കെടുപ്പ്‌ കഴിയുമ്പോൾ 41 ഇനം ചിറകുമത്സ്യങ്ങളും ഒമ്പതിനം തോടുമത്സ്യങ്ങളും കണ്ടെത്തി. കഴിഞ്ഞവർഷം 48 ഇനം ചിറകുമത്സ്യങ്ങൾ ലഭിച്ചിരുന്നു. തണ്ണീർമുക്കം കെടിഡിസി ഹാളിൽ സമാപനച്ചടങ്ങ്‌ ഡോ. പ്രിയദർശൻ ധർമരാജൻ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News