6 ബോട്ടിന്‌ സ്‌റ്റോപ്പ്‌ മെമ്മോ; 
2.5 ലക്ഷം രൂപ പിഴ

പുന്നമട കായലിൽ സർവീസ്‌ നടത്തുന്ന ബോട്ടുകളിൽ പോർട്ട് അധികൃതരും ടൂറിസം പൊലീസും ചേർന്ന്‌ നടത്തിയ പരിശോധന


  ആലപ്പുഴ പുന്നമട കായലിൽ പോർട്ട് അധികൃതരും ടൂറിസം പൊലീസും ചേർന്ന്‌ ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ 28 ബോട്ടിൽ നിയമലംഘനം കണ്ടെത്തി. യാതൊരു രേഖകളുമില്ലാതെ സർവീസ്‌ നടത്തിയ അഞ്ച്‌ ഹൗസ്ബോട്ടിനും ഒരു മോട്ടോർ ബോട്ടിനും സ്‌റ്റോപ്പ്‌ മെമ്മോ നൽകി. ഈ ബോട്ടുകൾ പോർട്ടിന്റെ ആര്യാട്‌ യാർഡിലേക്ക്‌ മാറ്റി. ലൈഫ്‌ ജാക്കറ്റ്‌, മറ്റ്‌ സുരക്ഷാ ഉപകരണങ്ങൾ, ലൈസൻസില്ലാതെ ബോട്ട്‌ ഓടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ ബോട്ടുകൾക്ക്‌ 2.5 ലക്ഷം രൂപ പിഴയിട്ട്‌ നോട്ടീസ്‌ നൽകി.  പകൽ 11.30 മുതൽ കന്നിട്ട, കുപ്പപ്പുറം ഭാഗങ്ങളിൽ ഹൗസ്ബോട്ട്, മോട്ടോർ ബോട്ട്, ശിക്കാര ബോട്ട് എന്നിവയിലായിരുന്നു പരിശോധന. 50 ബോട്ട്‌ പരിശോധിച്ചതിൽ 32 ഉം ഹൗസ്‌ബോട്ടുകളാണ്‌. 18 മോട്ടോർ, ശിക്കാര ബോട്ടുകൾ പരിശോധിച്ചതിൽ ഒരെണ്ണത്തിൽ മാത്രമാണ്‌ നിയമലംഘനം കണ്ടെത്തിയത്‌. 19 പേർക്ക്‌ ലൈസൻസ്‌ ഉണ്ടായിരുന്നില്ല. ഒന്നിൽ കൂടുതൽ ബോട്ടുകളുള്ള ഹൗസ്ബോട്ട് ഉടമകളാണ്‌ ആവശ്യമായ രേഖകളില്ലാതെ സർവീസ്‌ നടത്തിയതിൽ അധികവും.  പോർട്ട് സർവേയർ വി കെ നന്ദകുമാർ, പോർട്ട് കൺസർവേറ്റർ കെ അനിൽകുമാർ, ടഗ് ഡ്രൈവർ ടി എൻ ഷാബു എന്നിവരും ടൂറിസം എസ്‌ഐ പി ജയറാം, പ്രമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിൻസി അശോക്, നകുൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read on deshabhimani.com

Related News