പുഷ്പാര്‍ച്ചനക്കുള്ള ഗാന്ധിപ്രതിമ 
മാവേലിക്കരയില്‍ നിന്ന്

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് പുഷ്പാർച്ചനക്കായി 
നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് സമീപം ശിൽപി ഗാന്ധി ബിജു


മാവേലിക്കര വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പുഷ്പാർച്ചനക്ക് വേണ്ടിയുള്ള ഗാന്ധി പ്രതിമ നിർമിച്ചത് ഗാന്ധി ബിജു എന്ന മാവേലിക്കര ബിജു വില്ലയിൽ ബിജു ജോസഫ്. വിവിധ സ്ഥലങ്ങളിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുള്ള ബിജുവിന്റെ 2509–--ാമത്തെ ഗാന്ധി പ്രതിമയാണിത്.  നിരവധി വിദേശ രാജ്യങ്ങളിൽ നൂറിലേറെ ഗാന്ധി പ്രതിമ സ്ഥാപിച്ചു. സബർമതിയിലെ മണ്ണ് അടക്കം ചെയ്ത പ്രതിമകളാണ് സ്ഥാപിക്കാറുള്ളത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പുഷ്പാർച്ചനക്ക് വേണ്ടി സ്ഥാപിച്ചത് മൂന്നരയടി പൊക്കത്തിൽ നാലടി വീതിയിൽ സിമന്റിൽ തീർത്ത വെങ്കല നിറത്തിലുള്ള പ്രതിമയാണ്.   സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബിജു സ്ഥാപിച്ച പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഫൗണ്ടേഷന്റെ പ്രസിഡന്റ്‌കൂടിയാണ്‌ ബിജു. ശാസ്ത്രീയമായ ശിൽപകല അഭ്യസിച്ചിട്ടില്ലാത്ത ബിജുവിന് ശിൽപനിർമാണം ജന്മവാസനയാണ്. സമാധാന സന്ദേശ പ്രചാരണം തുടങ്ങിയ ശേഷം ഗാന്ധി പ്രതിമ മാത്രമാണ് നിർമിക്കുന്നത്.  നിർമാണ ചെലവ് മാത്രം കൈപ്പറ്റിയാണ് 'ഗാന്ധിപ്രതിമയും സബർമതിയിലെ ഒരു പിടി മണ്ണും' പദ്ധതി നടപ്പാക്കുന്നത്. ഭൂരിഭാഗം പ്രതിമകളും സൗജന്യമായാണ് സ്ഥാപിച്ചത്.  ലോകത്തിൽ ഏറ്റവും കൂടുതൽ ഗാന്ധി പ്രതിമ നിർമിച്ചു എന്ന ബഹുമതി നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം ഗാന്ധിപ്രതിമ  സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ബിജുവിന്റെ ഗാന്ധി പ്രതിമ എത്താത്ത സംസ്ഥാനങ്ങൾ ചുരുക്കമാണ്. കേരളത്തിൽ കലക്‌ടറേറ്റുകൾ , വിദ്യാലയങ്ങൾ, പൊലീസ് സ്റ്റേഷനുകൾ,  മന്ത്രിമാരുടെ ഓഫീസുകൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ പ്രതിമ  സ്ഥാപിച്ചു. ഇസ്രയേൽ പലസ്തീൻ രാഷ്ട്രത്തലവൻമാർക്ക് സമാധാന സന്ദേശത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമ അയച്ചു നൽകിയും ശ്രദ്ധേയനായി.  ഗാന്ധി ശിൽപം സ്ഥാപിച്ച് ലോകത്താകെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്റർ നാഷണൽ പീസ് യൂണിവേഴ്‌സിറ്റി ഓഫ് ജർമനി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 പ്രതിഭകളിലെ ഏക മലയാളിയായിരുന്നു ബിജു. Read on deshabhimani.com

Related News