കായ്‌ക്കാതിരിക്കാൻ എനിക്കാവതില്ലേ...



 അരീപ്പറമ്പ്‌ വിഷുക്കാലമല്ലേ, കണിവെള്ളരിയല്ലേ, കായ്‌ക്കാതിരിക്കാനെനിക്കാവതില്ലേ...യുവ കർഷകൻ സുജിത്തിന്റെ അരീപ്പറമ്പ്‌ ഇലഞ്ഞിപ്പാടത്തെ കൃഷിയിടത്തിൽ എത്തിയാൽ ആരോ ഇങ്ങനെ പറയുന്നതായി തോന്നും. കണിവെള്ളരിയും കണി മത്ത(മൈസൂർ മത്തൻ)നും നെയ്‌ക്കുമ്പളവും തണ്ണിമത്തനും പൊട്ടുവെള്ളരിയും പരന്നുകിടക്കുകയാണ്‌ അഞ്ചരയേക്കർ പാടത്ത്‌. ടൺ കണക്കിന്‌ ജൈവ ഫലങ്ങൾ പച്ചപ്പട്ടണിഞ്ഞ പാടത്ത്‌ വിളഞ്ഞുകിടക്കുന്ന കാഴ്‌ച മോഹിപ്പിക്കുന്നതാണ്‌. കാണുന്നവരുടെ കണ്ണിന്‌ കുളിരാണെങ്കിലും  സുജിത്തിന്റെ കരളിൽ തീയാണ്‌. ലോക്ക്‌ ഡൗണിൽ നിയന്ത്രണങ്ങൾ വന്നതിനാൽ നട്ടു നനച്ചുണ്ടാക്കിയത്‌ വിറ്റഴിക്കാൻ കഴിയാത്തതിന്റെ ആധിയിലാണ്‌ സുജിത്ത്‌.  പുത്തനമ്പലം സ്വാമിനികർത്തിൽ സുജിത്തിന്‌  ചെറിയ പ്രായത്തിലേ തുടങ്ങിയതാണ്‌ കൃഷിക്കമ്പം. 2014ലെ സംസ്ഥാന യുവകർഷക അവാർഡ്‌ ജേതാവായ ഈ 32 കാരന്റെ ജീവിതമാർഗവും ഇതുതന്നെ. ഇലഞ്ഞി പാടത്തിനു പുറമേ മറ്റ്‌ എട്ടു കൃഷിയിടങ്ങളുമുണ്ട്‌. അവിടെ പയറും, പാവലും പടവലവും ഉൾപ്പെടെ സർവപച്ചക്കറികളും വിളയുന്നു. പ്ലസ്‌ ടു കഴിഞ്ഞ്‌ കുറച്ചുകാലം ജ്വല്ലറിയിൽ ജോലി ചെയ്‌തു. കൃഷി ഗൃഹാതുരത്വം പോലെ മനസ്സിൽ കൂടുകെട്ടിയപ്പോൾ രാജിവെച്ചു മണ്ണിലിറങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.  ഇലഞ്ഞിപ്പാടത്ത്‌ നാലു വർഷമായി വേനൽക്കാല പച്ചക്കറി ഇറക്കുന്നു. വിഷുവിപണി  മുന്നിൽക്കണ്ടാണ്‌ ഇവിടത്തെ കൃഷി. ഇക്കുറി പ്രതീക്ഷിച്ചതു പോലെ നല്ല വിളവുകിട്ടി. ഏപ്രിൽ ആദ്യവാരമാണ്‌ സാധാരണ വിളവെടുക്കുന്നത്‌. പക്ഷേ  ലോക്ക്‌ ഡൗണിൽ എല്ലാം തകിടംമറിഞ്ഞു. എറണാകുളത്തായിരുന്നു മുഖ്യമായും വിൽപ്പന. യാത്രാ വിലക്കുള്ളതിനാൽ അങ്ങോട്ടു പോകാനാകില്ല. ഇതിനു പരിഹാരമായി ഇടക്കിടെ വിളവെടുത്ത്‌ വിലകുറച്ച്‌ കുറേശെ വിൽക്കുകയാണ്‌. കഴിഞ്ഞ വർഷം 25–-30 രൂപയ്‌ക്ക്‌ ഹോൾ സെയിലായി വിറ്റ വെള്ളരി 15 രൂപയ്‌ക്കാണ്‌ നൽകുന്നത്‌. പറഞ്ഞു കേട്ടെത്തുന്നവർക്ക്‌ പാടത്ത്‌വെച്ചുതന്നെ സാധനങ്ങൾ നൽകുന്നുണ്ട്‌. കുറച്ച്‌ പ്രാദേശിക മാർക്കറ്റുകളിലും പോകുന്നു. 11–-ാം മൈലിലുള്ള സ്വന്തം കടവഴിയും വിപണനമുണ്ട്‌. അഞ്ചു ടൺ തണ്ണിമത്തൻ ഇതിനകം വിറ്റുകഴിഞ്ഞു. ഇനിയും പത്തു ടണ്ണോളം വിളവെടുക്കാനുണ്ട്‌. മറ്റ്‌ ഇനങ്ങളുടെയും സ്ഥിതി സമാനം.  പ്രളയകാലത്തു പോലും ഈ പ്രതിസന്ധിയുണ്ടായിരുന്നില്ലെന്ന്‌ സുജിത്ത്‌ പറഞ്ഞു. വിളവുണ്ട്‌, വിൽക്കാനാവുന്നില്ല എന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നം. ‘‘കൃഷിയാകുമ്പോൾ ഇത്‌ സ്വാഭാവികം’’. ഇക്കുറി നഷ്‌ടംവന്നാലും അടുത്തതവണ എല്ലാം അനൂകുലമാകുമെന്ന്‌ ശുഭാപ്തി വിശ്വാസത്തോടെ സുജിത്ത്‌ പറയുന്നു. സുജിത്തിന്റെ ഫോൺ: 9495929729. Read on deshabhimani.com

Related News