ലോക്ക്‌ഡൗണിലും കൂട്ടിനുണ്ട്‌ ‘റേഡിയോ സയൻഷ്യ’



ഹരിപ്പാട് കോവിഡ്‌ ലോക്ഡൗൺ ദിനങ്ങൾ ക്രിയാത്മകമാക്കാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വൈവിധ്യമാർന്ന പരിപാടികളുമായി ‘റേഡിയോ സയൻഷ്യ’. മനശാസ്‌ത്ര ക്ലാസും പ്രഭാഷണവുമടക്കമുള്ള പരിപാടികളാണ് ഹരിപ്പാട് ഉപജില്ലാ ശാസ്‌ത്ര അധ്യാപകരുടെ കൂട്ടായ്‌മ ഇന്റർനെറ്റ്‌ റേഡിയോയിലൂടെ ശ്രോതാക്കളിലെത്തിക്കുന്നത്‌.  അധ്യാപകർ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ റെക്കോഡ്ചെയ്‌ത്‌ പരിപാടികൾ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് അയക്കും. നടുവട്ടം വിഎച്ച്എസിലെ അധ്യാപകനും എഡ്യൂക്കേഷണൽ ടെക്‌നോളജി ക്ലബ്‌ ജില്ലാ കോഓർഡിനേറ്ററുമായ സിജി സന്തോഷാണ് സാങ്കേതിക സഹായവും ഏകോപനവും. ദിവസവും വൈകിട്ട് 8.30 മുതൽ ഒരു മണിക്കൂറാണ് പ്രക്ഷേപണം. കുട്ടികൾക്കുള്ള പരിപാടികളും പാട്ടുകളും സാഹിത്യ പരിപാടികളുമെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഇന്റർനെറ്റ് റേഡിയോ ആയതിനാൽ എവിടെയായാലും പരിപാടികൾ കേൾക്കാം. സയൻസ് ഇനിഷ്യേറ്റീവ് എന്ന പേരിൽ 2010  മുതൽ പ്രവർത്തിച്ചുവരുന്ന ഹരിപ്പാട് സബ് ജില്ലയിലെ ശാസ്‌ത്രാധ്യാപകരുടെ കൂട്ടായ്‌മ 2014ലാണ്‌ ‘റേഡിയോ സയൻഷ്യ’ തുടങ്ങുന്നത്. കുട്ടികൾക്കുള്ള ശാസ്‌ത്ര പരിപാടികൾ, പഠന പ്രോജക്‌ടുകൾ, സ്‌കോളർഷിപ്പ് പരീക്ഷാ പരിശീലനം എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളും റേഡിയോ ഏറ്റെടുത്തു.  ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക ആസിഫാ ഖാദിർ, മുതുകുളും എസ്എൻവി സ്‌കൂളിലെ ഡോ. ഡി ഹരീഷ്, നടുവട്ടം വിഎച്ച്എസ്എസിലെ ടി രാജശ്രീ, ഹരിപ്പാട് ‍ഡികെഎൻഎം സ്‌കൂളിലെ ലാലി, ചിങ്ങോലി ഗണപതിവിലാസം സ്‌കൂളിലെ അമല എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ. Read on deshabhimani.com

Related News