യാഥാർഥ്യമാകുമോ
തീവണ്ടിപ്പാത ഇരട്ടിപ്പിക്കൽ



  ആലപ്പുഴ  യാഥാർഥ്യമാകുമോ തീരദേശ തീവണ്ടിപ്പാത  ഇരട്ടിപ്പിക്കൽ ?  കാത്തിരിക്കുകയാണ്‌ ആലപ്പുഴ. എറണാകുളംമുതൽ തുറവൂർവരെ പാത ഇരട്ടിപ്പിക്കലിന്‌ അംഗീകാരമായെങ്കിലും തുറവൂർമുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന്റെ പദ്ധതി മുടങ്ങിക്കിടക്കുന്നു. 1500 കോടി രൂപവേണം പദ്ധതിക്ക്‌. എ എം ആരിഫ്‌ എംപി ഈ പദ്ധതി നടപ്പിൽ വരുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്‌. തുക ഇത്തവണ കേന്ദ്ര ബജറ്റിൽ വകകൊള്ളിക്കുമെന്ന പ്രതീക്ഷയാണ്‌ അദ്ദേഹത്തിന്‌. പദ്ധതി നീതി ആയോഗിന്റെ പരിഗണനയിലായതിനാൽ നീതി ആയോഗിനെയും കേന്ദ്ര റെയിൽമന്ത്രിയെയും കണ്ട്‌ എംപി ആവശ്യം ഉന്നയിച്ചിരുന്നു. ഈ ഘട്ടംകൂടി പൂർത്തിയാക്കിയില്ലെങ്കിൽ 102 കിലോമീറ്റർ നീളമുള്ള തീരദേശ പാതയ്‌ക്കായി നിർമിച്ച അടിസ്ഥാനസൗകര്യങ്ങളെല്ലാം നിഷ്‌പ്രയോജനമാകും.  മെറീന പോർട്ട്‌ കം ബീച്ച്‌ ആലപ്പുഴ ബീച്ചിൽ നടപ്പാക്കുന്ന 250 കോടി രൂപയുടെ മെറീന പോർട്ട്‌ കം ബീച്ച്‌ പദ്ധതിക്ക്‌ 250 കോടി രൂപ തത്വത്തിൽ അംഗീകരിച്ച്‌ ഉത്തരവായിരുന്നു. രേഖാമൂലം ഇത്‌ സംബന്ധിച്ച്‌ മറുപടിയും എംപിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ആലപ്പുഴയുടെ വികസനസ്വപ്‌നങ്ങൾക്ക്‌ മുതൽക്കൂട്ടാകുന്ന  ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങളാണ്‌ മറ്റൊരു പ്രതീക്ഷ.  ആലപ്പുഴ 
റെയിൽവേ സ്‌റ്റേഷൻ 
ലോകോത്തരമാക്കൽ ലോകോത്തര നിലവാരത്തോടെയുള്ള ആലപ്പുഴ റെയിൽവേ സ്‌റ്റേഷന്റെ നവീകരണമാണ്‌ ടൂറിസം മേഖലയും ജനങ്ങളും ആഗ്രഹിക്കുന്ന മറ്റൊരുകാര്യം. ഇതോടൊപ്പം കരുനാഗപ്പള്ളി റെയിൽവേസ്‌റ്റേഷനും മതിയായ ഫണ്ട്‌ അനുവദിക്കണമെന്ന ആവശ്യവും ആരിഫ്‌ ഉന്നയിച്ചിട്ടുണ്ട്‌.  ആലപ്പുഴ ഹെറിറ്റേജ്‌ 
ടൗൺഷിപ് നഷ്‌ടപ്രതാപം പേറുന്ന ആലപ്പുഴയുടെ പൗരാണികതയെ  പരിപോഷിപ്പിക്കാനുതകുന്ന ആലപ്പുഴ ഹെറിറ്റേജ്‌ ടൗൺഷിപ് പദ്ധതിക്കും കേന്ദ്രത്തിന്റെ സഹായം കാക്കുന്നുണ്ട്‌. പുകൾപെറ്റ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടയിൽ സ്ഥിരം പവിലിയൻ എന്ന ആശയത്തിന്‌ പഴക്കമേറെയാണ്‌. ഇതോടൊപ്പം സിബിഎൽ വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന്‌ കൂടുതൽ ഫണ്ടും ആവശ്യമാണ്‌. ഇക്കാര്യത്തിലൊക്കെ ബജറ്റിൽ തുക വകകൊള്ളിക്കുമോയെന്നാണ്‌ വിനോദസഞ്ചാരമേഖലയും വള്ളംകളിപ്രേമികളും കാത്തിരിക്കുന്നത്‌. പാരിസ്ഥിതിക ടൂറിസം മേഖലയായി വികസിക്കാൻ സാധ്യതയുള്ള പാതിരാമണൽ ദ്വീപിനെ ആലപ്പുഴയിലെ മറ്റ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി  ബന്ധിച്ച്‌ വാട്ടർ മെട്രോ പദ്ധതി, സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തലയെയും കോട്ടയം ജില്ലയിലെ കുമരകത്തെയും -ഉൾപ്പെടുത്തി വിനോദസഞ്ചാര ഇടനാഴി എന്നിവയും എംപിയുടെ സ്വപ്‌നപദ്ധതികളാണ്‌.  പ്രമുഖ ആശുപത്രികളിൽ ട്രോമ കെയർ ദേശീയപാത 66ൽ അപകടങ്ങൾ തുടർക്കഥയാണ്‌. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്‌തതകൊണ്ട്‌ ഒരു ജീവനും നഷ്‌ടപ്പെട്ടുകൂടാ. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി, ചേർത്തല, കായംകുളം, ഹരിപ്പാട്‌, കരുനാഗപ്പള്ളി  താലൂക്ക്‌ ആശുപത്രികൾ എന്നിവിടങ്ങളിൽ ട്രോമ കെയർ സംവിധാനമൊരുക്കാൻ ഫണ്ട്‌ അനുവദിക്കണമെന്നതാണ്‌ മറ്റൊരാവശ്യം. Read on deshabhimani.com

Related News