വീട്ടിലിരുന്ന്‌ ഒപി ചീട്ട്‌

ഇ- ഹെല്‍ത്ത് സംവിധാനത്തിന്റെ സഹായത്തോടെ രോഗിയുടെ ചികിത്സാ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡോക്ടര്‍


  മഞ്ചേരി വീട്ടിലിരുന്ന്‌ ഓൺലൈനായി ഒപി ചീട്ട്‌ എടുക്കാനും ലാബ്‌ പരിശോധനാഫലം എസ്‌എംഎസ്‌ ആയി മൊബൈൽ ഫോണിൽ ലഭിക്കാനും സർക്കാർ ആശുപത്രികളും സജ്ജം. ജില്ലയിൽ 54 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഒരുങ്ങി. രോഗവിവരം മനസിലാക്കൽ, വിവര വിനിമയം, മെഡിക്കൽ രേഖകളുടെ കംപ്യൂട്ടർവൽക്കരണം, ചികിത്സാവിവരങ്ങൾ തുടങ്ങിയവ സമഗ്രമായി വിരൽതുമ്പിൽ ലഭിക്കും. ഒരാൾ ആശുപത്രിയിലെത്തി മടങ്ങുംവരെ എല്ലാ ആരോഗ്യസേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ ആകും.  മെഡിക്കൽ കോളേജ്, ജില്ല, ജനറൽ, താലൂക്ക്‌  ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ–- ഹെൽത്ത് നടപ്പാക്കിയത്. ഇതിന്‌ ഓരോ കേന്ദ്രത്തിനും 12 മുതൽ 50 ലക്ഷം രൂപവരെയാണ് അനുവദിച്ചത്. ഘട്ടംഘട്ടമായി ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളും പദ്ധതിക്ക്‌ കീഴിലാകും. 40 ആശുപത്രികളിൽ ഇതിനകം ഇ–- ഹെൽത്ത് പദ്ധതി പൂർണസജ്ജമായി. മറ്റിടങ്ങളിൽ അവസാനഘട്ടത്തിലേക്ക് കടന്നു.  ജീവിതശൈലീ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കാനും പദ്ധതിയിൽ സംവിധാനമുണ്ട്. ജീവിതശൈലീരോഗ നിർണയത്തിന് ശൈലീ ആപ്ലിക്കേഷനും സജ്ജമായി. ഇതിലൂടെ 30 വയസിന് മുകളിലുള്ളവർ ഉൾപ്പെടെ 40 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിങ്‌ നടത്തി. ആധാർ വിവരങ്ങളും ആശുപത്രികളിലെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു.   മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പൂർണമായും കംപ്യൂട്ടർവൽക്കരിച്ചു. ലാബ്, വാർഡ്, വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള സംവിധാനവും ഏകീകൃത കംപ്യൂട്ടർ ശൃഖലവഴി ബന്ധിപ്പിക്കുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കടലാസ് രഹിതമാകും. ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാലും രോഗിയുടെ ആരോഗ്യരേഖയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകും. രോഗവിവരങ്ങൾ ഇ ഹെൽത്ത് സംവിധാനത്തിൽ ശേഖരിക്കും.  യുഎച്ച്‌ഐഡി 
വിതരണം തുടങ്ങി ഇ–- ഹെൽത്ത് സംവിധാനം നടപ്പാക്കിയ ആശുപത്രികളിൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചതായി ജില്ലാ നോഡൽ ഓഫീസർ ഡോ. നവ്യ ജി തൈക്കാട്ട് അറിയിച്ചു. സേവനങ്ങൾക്ക്‌ ആദ്യം തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി നേരിട്ടും രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ നൽകിയാൽ രജിസ്‌റ്റർചെയ്‌ത ഫോണിൽ ഒടിപി വരും. ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. കാർഡ് പ്രിന്റ് എടുത്ത്‌ ഏത് ആശുപത്രിയിലും ഉപയോഗിക്കാം. ഈ നമ്പർ ഉപയോഗിച്ച് ടോക്കൺ എടുക്കാം. പ്രാഥമികാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുകൾവരെ ഓൺലൈൻ ഒപി ഏർപ്പെടുത്താനാകും. മരുന്ന് ഉൾപ്പെടെയുള്ള വിവരങ്ങളും കാർഡിലെ നമ്പർ നോക്കി ഡോക്ടർക്ക് അറിയാം. ഇതുപയോഗിച്ച് ഒപിയിൽ ബുക്ക് ചെയ്യാം. പരിശോധനാ ഫലങ്ങളും ഡോക്ടറുടെ കംപ്യൂട്ടറിലെത്തും.     ഒറ്റ ക്ലിക്കിൽ ഒകെ ഒരോ രോഗിക്കും ലഭിച്ച യുഎച്ച്‌ഐഡി നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത്‌ അപ്പോയിന്‍മെന്റ് ക്ലിക്ക് ചെയ്യാം. മറ്റേതെങ്കിലും ആശുപത്രിയിൽനിന്ന്‌ നിർദേശിച്ചതാണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. പരിശോധനയുടെ തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകളും കാണാം. രോഗികൾക്ക് സൗകര്യപ്രദമായ സമയത്ത്‌ ടോക്കൺ എടുക്കാം. ആവശ്യമെങ്കിൽ ടോക്കൺ പ്രിന്റും എടുക്കാം. ടോക്കൺ വിവരം എസ്എംഎസ് ആയും ലഭിക്കും. ഇതുപയോഗിച്ച് ഒപിയിലെത്തി ഡോക്ടറെ കാണാം.  Read on deshabhimani.com

Related News