കൽപ്പറ്റയിൽ വീണ്ടും 
ഭക്ഷ്യവിഷബാധ



കൽപ്പറ്റ  ജില്ലയിൽ വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരം സ്വദേശികളായ ഒമ്പത് പേര്‍ ചൊവ്വാഴ്ച രാവിലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ദേശീയപാതയോരത്തെ അമൃത് വളവിന് സമീപമുള്ള ഹോട്ടലിൽ നിന്ന് തിങ്കൾ രാത്രി ഒമ്പതോടെ ഭക്ഷണം കഴിച്ചശേഷമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്ന് ഇവർ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുട്ടിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പും  ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ഹോട്ടൽ താൽക്കാലികമായി അടക്കാൻ നിർദേശം നൽകി.  മൂന്നാർ, ഊട്ടി തുടങ്ങിയ വിനോസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് സംഘം ജില്ലയിലെത്തിയത്. പലയിടത്ത് നിന്ന് ഭക്ഷണം കഴിച്ചതിനാൽ വിഷബാധയുടെ യഥാർഥ ഉറവിടം സാമ്പിൾ പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  ദേശീയപാതയിൽ വാര്യാടിന് സമീപമുള്ള റസ്റ്റോറന്റിൽ നിന്ന് ഞായറാഴ്ച രാത്രി പാഴ്സൽ വാങ്ങി കഴിച്ച അഞ്ചുപേർ വിഷബാധയേറ്റ് മുട്ടിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു കുടുംബത്തിലെ നാലുപേർക്കും ജോലിക്കാരനുമാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗം റസ്റ്റോറന്റിൽ പരിശോധന നടത്തി. ഞായർ രാത്രി കൽപ്പറ്റയിലെ മുസ്വല്ല റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർ വിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതില്‍ കൽപ്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഡ്‌ലയ്ഡ് സ്വദേശിനി നടുവിലെപുരക്കൽ മേരി (65)യെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലൈസൻസില്ലാത്തതും വൃത്തിഹീനമായതുമായ ഹോട്ടലുകളെ പിന്തുണക്കില്ലെന്ന് ഹോട്ടൽ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.    Read on deshabhimani.com

Related News