കാപ്പി പറിക്കാനായി കൊണ്ടുപോയ 
ആദിവാസി യുവതിക്ക്‌ ക്രൂരമർദനം

മർദനമേറ്റ സന്ധ്യ ബന്ധുവീട്ടിൽ അവശനിലയിൽ


  കൽപ്പറ്റ കാപ്പി പറിക്കാനായി കർണാടകയിലെ കുടകിൽ കൊണ്ടുപോയ ആദിവാസി യുവതിക്ക്‌ ക്രൂരമർദനം. പനമരം പരക്കുനി കോളനിയിലെ സന്ധ്യക്കാണ്‌(26) മർദനമേറ്റത്‌. ഷൂവിട്ട്‌ വയറ്റിൽ ചവിട്ടുകയും തലക്കും മുഖത്തും അടിക്കുകയുംചെയ്‌തു. രണ്ടാഴ്‌ചയോളം ജോലിസ്ഥലത്തെ മുറിയിൽ അവശനിലയിൽ കിടന്ന യുവതി ഒടുവിൽ നാട്ടിലെത്തി ചികിത്സതേടി. പനമരം കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ മൂന്ന്‌ ദിവസം അഡ്‌മിറ്റായ സന്ധ്യ ഡിസ്‌ചാർജായി വീട്ടിലെത്തിയെങ്കിലും നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലാണ്‌. വിദഗ്‌ധ ചികിത്സ വേണമെന്നാണ്‌ ഡോക്ടർ നിർദേശിച്ചിട്ടുള്ളത്‌. ശ്വാസതടസ്സം ഉൾപ്പെടെയുണ്ട്‌.  ജോലിക്കായി കൊണ്ടുപോയ പനമരത്തെ ലീഗ്‌ നേതാവാണ്‌ മർദിച്ചതെന്ന്‌ ഇവർ പറഞ്ഞു. പണിക്കായി കൊണ്ടുപോയ ആദിവാസി പെൺകുട്ടികളെയും മറ്റുചിലരെയും മോശം സാഹചര്യത്തിൽ സന്ധ്യ കണ്ടിരുന്നു. ഇത്‌ സംബന്ധിച്ച്‌ പെൺകുട്ടികളുൾപ്പെടെയുള്ളവരോട്‌ സംസാരിച്ചു. ഇതിന്റെ പ്രതികാരമായിട്ടാകാം തന്നെ മർദിച്ചതെന്നാണ്‌ കരുതുന്നതെന്നും യുവതി പറഞ്ഞു. ‘വയറ്റിൽ ചവിട്ടേറ്റ്‌ ദിവസങ്ങളോളം അനങ്ങാൻ പറ്റിയില്ല. വേദന സഹിച്ചാണ്‌ കഴിഞ്ഞത്‌.  പ്രാഥമിക കൃത്യങ്ങൾ നടത്താൻ പറ്റുമായിരുന്നില്ല. രക്തസ്രാവമുണ്ടായി. എങ്ങനെയോ  നാട്ടിൽ എത്തിയതാണ്‌. തനിക്ക്‌ ഭാര്യയും മക്കളുമുണ്ടെന്നും  മർദിച്ചത്‌ ആരോടും പറയരുതെന്നും നാട്ടിലേക്ക്‌ വരാൻനേരം ഇയാൾ പറഞ്ഞെന്നും’–-സന്ധ്യ വെളിപ്പെടുത്തി.  ഭയംകൊണ്ട്‌ വീട്ടുകാരോടും  ഡോക്ടറോടും സന്ധ്യ മർദനമേറ്റകാര്യം പറഞ്ഞില്ല. കുടകിൽ ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരി മകളാണ്‌  അമ്മയെ മർദിച്ച വിവരം ബന്ധുക്കളോട്‌ പറഞ്ഞത്‌. ബന്ധുക്കൾ  പനമരം ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും വിവരം അറിയിച്ചു. ആശുപത്രിയിൽനിന്ന്‌ ഇന്റിമേഷൻ അയക്കുകയും പൊലീസ്‌ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്‌തു. എന്നാൽ കേസ്‌ രജിസ്‌റ്റർചെയ്‌തിട്ടില്ല.  സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായാണ്‌ ആക്ഷേപം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വയറിന്റെ സ്‌കാനിങ്ങിനായി സന്ധ്യയെ വെള്ളിയാഴ്‌ച ആശുപത്രിയിൽ കൊണ്ടുപോകുമെന്നും പനമരം ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ നജ്‌മുദ്ദീൻ പറഞ്ഞു. സന്ധ്യയുടെ ഭർത്താവ്‌ നേരത്തെ മരിച്ചതാണ്‌. ബന്ധുവീട്ടിലാണിപ്പോൾ കഴിയുന്നത്‌.    Read on deshabhimani.com

Related News