ആകെ 43



കണ്ണൂർ പാനൂർ സ്വദേശിനി ഉൾപ്പെടെ ജില്ലയിൽ 11 പേർക്കുകൂടി തിങ്കളാഴ്ച കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. കോട്ടയംപൊയിൽ, മൂര്യാട് സ്വദേശികളായ ഈരണ്ടു പേർക്കും ചമ്പാട്, പയ്യന്നൂർ, കതിരൂർ, പൊന്ന്യം വെസ്റ്റ്, ചൊക്ലി, ഉളിയിൽ, പാനൂർ സ്വദേശികൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരാൾ ബഹ്‌റൈനിൽനിന്നും ബാക്കിയുള്ളവർ ദുബായിൽനിന്നുമാണ് നാട്ടിലെത്തിയതെന്ന്‌ കലക്ടർ ടി വി സുഭാഷ് അറിയിച്ചു.  ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 46 ആയി. ഇവരിൽ മൂന്നുപേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.  ആദ്യമായാണ്‌ ഒരു സ്‌ത്രീ ജില്ലയിൽ രോഗബാധിതയാവുന്നത്‌. അമ്പത്തെട്ടുകാരിയായ ഇവർ 17നാണ്‌ കരിപ്പൂർവഴി നാട്ടിലെത്തിയത്‌. മുപ്പത്തിമൂന്നുകാരനായ ചൊക്ലി സ്വദേശി 16ന്‌ എത്തി. ഉളിയിൽ സ്വദേശി 24കാരൻ 17നും. 34കാരനായ പയ്യന്നൂർ സ്വദേശി ബഹ്‌റൈനിൽനിന്ന് കരിപ്പൂരിലെത്തിയത് 18ന്‌.  കോട്ടയംപൊയിൽ സ്വദേശി (30) 19ന്‌ തിരുവനന്തപുരം വിമാനത്താവളംവഴിയാണ്‌ എത്തിയത്. 22ന് ചമ്പാട് സ്വദേശി (38), കതിരൂർ സ്വദേശി (45), പൊന്ന്യം വെസ്റ്റ് സ്വദേശി (50) എന്നിവർ കരിപ്പൂരിലും കോട്ടയംപൊയിൽ സ്വദേശി (22) തിരുവനന്തപുരത്തും 25ഉം 30ഉം വയസ്സുള്ള മൂര്യാട് സ്വദേശികൾ ബംഗളൂരുവിലും വിമാനമിറങ്ങി.   പയ്യന്നൂർ, ഉളിയിൽ സ്വദേശികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ തലശേരി ജനറൽ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. നാലുപേർ ആശുപത്രിയിലും മറ്റുള്ളവർ വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗബാധ സ്ഥിരീകിരിച്ചതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരെയും അടിയന്തരമായി ആശുപത്രികളിലേക്കു മാറ്റി.   Read on deshabhimani.com

Related News