5 ലാപ്ടോപ്പും 2 ക്യാമറയും 
മോഷ്‌ടിച്ചു

കാട്ടാക്കട പി ആർ വില്ല്യം എച്ച്‌എസ്‌എസിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യം


കാട്ടാക്കട  കാട്ടാക്കട പി ആർ വില്ല്യം എച്ച്‌എസ്‌എസിൽ ഞായർ രാത്രി നടന്ന കവർച്ചയിൽ അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. ലാപ്‌ടോപ്പും ക്യാമറയും കൂടാതെ എട്ടോളം ചാർജറും മൗസുമാണ്‌ മോഷണം പോയത്‌. 1,49,000 രൂപയുടെ ഉപകരണങ്ങളാണിത്‌. തിങ്കളാഴ്‌ച അധ്യാപകരെത്തി ഓഫീസ്‌ മുറി തുറന്നപ്പോഴാണ്‌ മോഷണവിവരമറിയുന്നത്‌.  ഓഫീസ് തുറക്കുന്നതിനിടെ കംപ്യൂട്ടർ ലാബിന്റെ വാതിൽ തുറന്നു കിടക്കുന്നത്‌ പ്രധാന അധ്യാപിക ഡോ. സുചിതയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. രാത്രി ഒമ്പതര മുതൽ രണ്ടുപേർ സ്‌കൂളിലെ കംപ്യൂട്ടർ ലാബിലും പരിസരത്തും പരിശോധന നടത്തുന്നതും ഇവ കടത്തിക്കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന്‌ കണ്ടെത്തിയതായി പൊലീസ്‌ അറിയിച്ചു. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്‌. രണ്ടാം നിലയിലെ കംപ്യൂട്ടർ ലാബിന്റെ വാതിലിലെ പൂട്ടും അകത്തെ വാതിലിലെ പൂട്ടും തകർത്താണ് മോഷ്ട്ടാക്കൾ അകത്ത്‌ കടന്നത്.  മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ച മോഷ്‌ടാക്കൾ പുറത്തു പോയി വീണ്ടും തിരിച്ചെത്തിയാണ്‌ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷ്‌ടിച്ചത്‌. ആദർശ് എന്ന് എഴുതിയ ജേഴ്‌സി മോഷ്ട്ടാക്കളിൽ ഒരാൾ ധരിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു.  കെ 9 സ്‌ക്വാഡ് ഷിബു, രാഗേഷ്  എന്നിവരുടെ നേതൃത്വത്തിൽ സ്‌നിഫർ ഡോഗ് ജൂലി സ്‌കൂൾ പരിസരത്ത്‌ പരിശോധന നടത്തി. ആറുമാസം മുമ്പും ഇവിടെ ആറോളം ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം തുടരവെയാണ് വീണ്ടും മോഷണം. Read on deshabhimani.com

Related News