ആരവങ്ങളേ, കൂട്ടുവരൂ...

ഞങ്ങൾ നേടും... ഡൽഹിയിൽ സുബ്രതോ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിക്കുന്ന മലപ്പുറം അത്താണിക്കൽ എംഐസി സ്‌കൂൾ ടീം കോഴിക്കോട്ടുനിന്ന്‌ ട്രെയിൻ കയറാൻ സ്‌കൂൾ ബസിൽ പുറപ്പെടുന്നു ഫോട്ടോ: കെ ഷെമീർ


മലപ്പുറം കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷന്റെ നാലാംനമ്പർ പ്ലാറ്റ്‌ഫോമിൽനിന്ന്‌ വ്യാഴം പകൽ 2.15ന്‌ ഹസ്രത്ത്‌ നിസാമുദ്ദീനിലേക്ക്‌ കുതിച്ച മംഗള ലക്ഷദ്വീപ്‌ എക്‌സ്‌പ്രസ്‌ നിറയെ കേരളത്തിന്റെ സ്വപ്‌നങ്ങൾ. കാൽപ്പന്തുകളിയെ സ്‌നേഹിക്കുന്ന മലപ്പുറത്തുകാരുടെ മനസുമുഴുവൻ ബി–-അഞ്ച്‌, ആറ്‌ കംപാർട്ടുമെന്റുകളിലായുണ്ട്‌.    പതിനേഴുവയസിൽ താഴെയുള്ളവർക്കായി ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിൽ കേരളത്തിനുവേണ്ടി ബൂട്ടുകെട്ടുന്ന മലപ്പുറം അത്താണിക്കൽ എംഐസി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ ഈ കംപാർട്ടുമെന്റുകളിലാണുള്ളത്‌.  മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളാണ്‌ സുബ്രതോ കപ്പിൽ പതിവായി കേരളത്തിന്റെ ജേഴ്‌സിയണിഞ്ഞിരുന്നത്‌. ഇത്തവണ മലപ്പുറത്തുതന്നെ നടന്ന സംസ്ഥാനതല മത്സരത്തിൽ എംഎസ്‌പിയുടെ കുത്തക തകർത്താണ്‌ അത്താണിക്കൽ എംഐസി ടീം ഡൽഹിയിലേക്ക്‌ വണ്ടി കയറിയത്‌. മുന്നേറ്റനിരയിലെ അദ്‌നാൻ ആണ്‌ ടീമിന്റെ നായകൻ. കെ പി സഹലും അമൽ ഷിനാജും മുന്നേറ്റത്തിൽ അദ്‌നാന്‌ കൂട്ടാകും. അർഷ്‌ണവും ആലോകുമാണ്‌ ഗോൾവലയുടെ കാവൽക്കാർ. അഫിൻമോൻ ബൈജു, അവിനാഷ്‌ സിങ്‌, മുഹമ്മദ്‌ റോഷൻ, മുഹമ്മദ്‌ സമീർ, ബെൻ റോഷൻ എന്നിവർ പ്രതിരോധം തീർക്കും. കെ പി ആകാശും തമീം അക്‌മലും ആരിസ്‌ ഖാനും സന്ദീപ്‌ ബഹദൂർ സിങ്ങും ബോസ്‌ തോങ്‌ബാമും റെയ്‌മാസും  മുന്നേറ്റക്കാർക്ക്‌ പന്തെത്തിച്ച്‌ മധ്യനിരയിലുണ്ടാകും. ടീമിൽ നാലു മണിപ്പൂരുകാരുണ്ട്‌. അരീക്കോട്‌ സ്വദേശി അൻസിലാണ്‌ പരിശീലകൻ. അനീഷ്‌ സഹ പരിശീലകനും. മുനീറും നാഫിയുമാണ്‌ മാനേജർമാർ.  ടീമിലെ അദ്‌നാനും ആകാശും സമീറും എറണാകുളത്താണുള്ളത്‌–- ബ്ലാസ്‌റ്റേഴ്‌സുമായുള്ള മുത്തൂറ്റ്‌ അക്കാദമി ടീമിന്റെ മത്സരത്തിന്‌. ഇതുകഴിഞ്ഞ്‌ അടുത്തദിവസം ഇവരും ഡൽഹിയിലെത്തി കേരള ടീമിന്റെ ഭാഗമാകും. ഒക്ടോബർ മൂന്നിനാണ്‌ ആദ്യ മത്സരം. ഫിക്‌സ്‌ചർ ലഭ്യമല്ലാത്തതിനാൽ ആരാണ്‌ എതിരാളിയെന്ന്‌ വ്യക്തമല്ലെന്ന്‌ പരിശീലകൻ പറഞ്ഞു. Read on deshabhimani.com

Related News