മട്ടന്നൂര്‍ പള്ളി അഴിമതിക്കേസ്‌ കല്ലായിയുടേത്‌ കുറ്റവാളിയുടെ കുറ്റസമ്മതം: എം വി ജയരാജൻ



കണ്ണൂർ മട്ടന്നൂർ പള്ളി അഴിമതിക്കേസിൽ പ്രതിയായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. വിജിലൻസ് കേസ്‌ പ്രതിയായ ജില്ലാ സെക്രട്ടറിയോടൊപ്പം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം നടത്തിയതുതന്നെ അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇക്കൂട്ടരെന്ന് ബോധ്യപ്പെടുത്തുന്നു.  പൊലീസിന് പരാതി നൽകിയത് ലീഗുകാരടക്കമുള്ള വിശ്വാസികളാണ്‌.     2017 മെയ്‌ 15ന്‌ നടന്ന മഹല്ല് ജനറൽബോഡിയിൽ അഴിമതിപ്രശ്നം വിശ്വാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. അബ്ദുൾ റഹ്‌മാൻ കല്ലായിയായിരുന്നു അധ്യക്ഷൻ. ഭാരവാഹി തെരഞ്ഞെടുപ്പ്‌ അജൻഡ വന്നപ്പോൾ നിലവിലെ ഭാരവാഹികൾക്കെതിരെ രൂക്ഷമായ എതിർപ്പുയർന്നു. അഴിമതിക്കാരെ ഭാരവാഹികളാക്കരുതെന്ന് വിളിച്ചുപറയുന്ന അന്നത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.      വഖഫ് ബോർഡ് കേസ് തള്ളിയെന്ന വാദവും പച്ചക്കള്ളം. ഒപി 241/17 നമ്പർ കേസ്‌ ഇപ്പോഴും നടക്കുന്നു. ഒക്ടോബർ 11നാണ് അടുത്ത അവധി.  ഒഎ 181/19  നമ്പർ വഖഫ് ട്രിബ്യൂണൽ കേസിൽ വീണ്ടും ഓഡിറ്റ് ചെയ്യാൻ വഖഫ് ബോർഡ് എടുത്ത തീരുമാനത്തെ ശരിവയ്‌ക്കുന്നുണ്ട്.  ഇതെല്ലാം വ്യക്തമാക്കുന്നത്, അന്നത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളെ ആരും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നാണ്.    പുനർനിർമാണത്തിന്‌ വഖഫ് ബോർഡിന്റെ അനുമതി വാങ്ങിയില്ലെന്ന് പ്രതിതന്നെ സമ്മതിച്ചിട്ടുണ്ട്. അന്വേഷക സംഘത്തോട് പള്ളി പുതുക്കിപ്പണിതില്ലെന്നും അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നും കളവുപറയുകയായിരുന്നു ഭാരവാഹികൾ.  നഗരസഭയുടെ അനുമതിയും വാങ്ങിയിട്ടില്ല. അബ്ദുൾ സലാം എന്നയാൾ 40 ലക്ഷം രൂപ നിക്ഷേപം നൽകിയത്‌ കണക്കിൽ 1.5 ലക്ഷമായി കുറഞ്ഞു. ആയിരം പവൻ സ്വർണം കിട്ടിയെന്ന് സമ്മതിച്ച കല്ലായി, ഇത്‌ ആരിൽനിന്നാണെന്നും വിറ്റത് ആർക്കാണെന്നും വിറ്റുകിട്ടിയ പണം എത്രയെന്നും വ്യക്തമാക്കണം.  സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ തൂക്കം എത്രയെന്നോ വിറ്റത് ഏത് ജ്വല്ലറിയിലാണെന്നോ ജ്വല്ലറിയിൽനിന്ന് ലഭിച്ച റസീതോ ഹാജരാക്കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്വർണം വിറ്റ വകയിൽ കണക്കിൽ കാണിച്ച തുക കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.     പള്ളിക്കും വിശ്വാസത്തിനുമെതിരെ നിലപാട് സ്വീകരിക്കുന്ന പാർടിയല്ല സിപിഐ എം.  മതവിശ്വാസികൾക്ക് ഇതെല്ലാമറിയാം. അസത്യപ്രസ്താവനയിലൂടെ സത്യം മൂടിവയ്‌ക്കാനാവില്ല. അഴിമതിക്കാരായ ലീഗ് നേതാക്കളുടെ വെട്ടിപ്പ്‌ പട്ടിക നീണ്ടതാണ്‌. അതുകൊണ്ടാണ് അണികൾ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നതെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News