തിരുപ്പതിയിൽനിന്നെത്തും 
സിംഹങ്ങളും വെള്ളമയിലുകളും



തിരുവനന്തപുരം  തിരുവനന്തപുരം മൃഗശാലയിലേക്ക്‌ സിംഹങ്ങൾ ഉൾപ്പെടെ കൂടുതൽ മൃഗങ്ങൾ എത്തുന്നു. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ പുതിയ അന്തേവാസികൾ എത്തുക. ആദ്യഘട്ടത്തിൽ കൈമാറുന്ന മൃഗങ്ങളെ തിങ്കളാഴ്‌ച തിരുവനന്തപുരത്തുനിന്ന്‌ തിരുപ്പതിയിലേക്ക്‌ കൊണ്ടുപോയി.  അധികമായുണ്ടായിരുന്ന നാല്‌ കഴുതപ്പുലികളെയും ആറ്‌ പന്നിമാനുകളെയുമാണ്‌ കൊണ്ടുപോയത്‌. ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ട് ജോഡി സ്വാമ്പ്‌ ഡിയർ (ബാരസിംഗ), രണ്ട്‌ കാട്ടുപൂച്ചകൾ എന്നിവയെയും അടുത്ത ദിവസങ്ങളിൽ തിരുപ്പതിയിൽ എത്തിക്കും.  ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ എന്നിവയെയും ഓരോ ജോഡി വെള്ളമയിലുകൾ, എമുകൾ, രണ്ട് ജോഡി കാട്ടുകോഴികൾ എന്നിവയെയുമാണ്‌ തിരുവനന്തപുരം മൃഗശാലയിലേക്കെത്തിക്കുക.  സീനിയർ വെറ്ററിനറി സർജൻ ജേക്കബ്‌ അലക്‌സാണ്ടർ, മൃഗശാലാ സൂപ്രണ്ട്‌ കെ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ്‌ മൃഗ കൈമാറ്റത്തിനായി തിരുപ്പതിയിലേക്ക്‌ തിരിച്ചത്‌.  ജൂണിൽ ഹരിയാന മൃഗശാലയിൽനിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെക്കൂടി എത്തിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് സീബ്ര ഉൾപ്പെടെയുള്ളവയെ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News