പച്ചക്കറി നട്ടോളൂ, സമ്മാനം കിട്ടും



കണ്ണൂർ കോവിഡ്–- 19 ജാഗ്രതക്കാലത്ത് പച്ചക്കറിക്കൃഷിയിലേർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാൻ മത്സരങ്ങളുമായി ഹരിത കേരള മിഷൻ. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പൂർണമായും വാട്‌സ്‌ആപ്‌ മുഖേനയാണ് കൃഷി നിരീക്ഷിക്കുക.  കോവിഡ്–- 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറി കൃഷിക്ക്‌ ഉപയോഗിക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌  പച്ചക്കറി കൃഷിചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ മത്സരം സംഘടിപ്പിക്കുന്നത്. പുരയിട കൃഷി, മട്ടുപ്പാവ് കൃഷി എന്നിങ്ങനെ രണ്ടു വിഭാഗത്തിലാണ് മത്സരം.  പച്ചക്കറി കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതും നിർദേശങ്ങൾ നൽകുന്നതും പൂർണമായും വാട്‌സ്‌ ആപ്പിലൂടെയാണ്. കൃഷിചെയ്യാൻ താൽപര്യമുള്ളവർ 8129 218246 എന്ന വാട്‌സ്‌ ആപ്‌ നമ്പറിൽ രജിസ്റ്റർചെയ്യണം. മികച്ച കർഷകർക്ക് തദ്ദേശ സ്ഥാപനതലത്തിൽ ഒന്നാം സമ്മാനം നൽകും. കൂടാതെ ജില്ലാടിസ്ഥാനത്തിലും മികച്ച കർഷകനെ തെരഞ്ഞെടുക്കും. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുന്നവയും കൃഷിഭവൻ, മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം.  മത്സരത്തിൽ പങ്കെടുക്കുന്നവർ വെള്ളരി, മത്തൻ, ഇളവൻ ഇനങ്ങളിൽ രണ്ടെണ്ണവും വെണ്ട, മുളക്, തക്കാളി, ചീര, ഇനങ്ങളിൽ രണ്ടെണ്ണവും കക്കിരി, താലോലി, പാവൽ, പയർ എന്നിവയിൽ രണ്ടെണ്ണവും കൃഷിചെയ്യണം. ഇതിൽനിന്ന്‌ വ്യത്യസ്തമായി നൂതന ഇനങ്ങൾ കൃഷിചെയ്യുന്ന പ്ലോട്ടുകൾ സവിശേഷ പ്ലോട്ട് എന്ന ഇനത്തിൽ പരിഗണിക്കും. സമ്മാനാർഹരെ കണ്ടെത്തുന്നതിന് വാട്‌സ്‌ ആപ്പിനു പുറമെ നേരിട്ടും വീടുകളിലെത്തും. കൂടുതൽ വിവരങ്ങൾക്ക്‌ 9605215180, 9526012938 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.   Read on deshabhimani.com

Related News