കാസർകോട്ടെ ‘കൊങ്കൺ’ 2 ആകാശപാത, 2 മേൽപ്പാലം, 1 പാലം



 ഉത്തരകേരളത്തിലെ  ദേശീയപാത നിർമാണത്തിൽ  ദുഷ്‌കരവും  അതിസാഹസികവുമാണ്‌ ചെർക്കള–- ബേവിഞ്ച–- തെക്കിൽ–-ചട്ടഞ്ചാൽ  ഭാഗത്തെ  പ്രവൃത്തി. കൊങ്കൺപാത നിർമാണസമയത്ത്‌ നേരിട്ട പ്രതിസന്ധിയോട്‌ സമാനമാണ്‌ ഇവിടുത്തെയും പ്രവൃത്തി.   ചെർക്കള, ബേവിഞ്ച, തെക്കിൽ, ചട്ടഞ്ചാൽ വഴി കുന്നുകളും ചെങ്കുത്തായ കുഴികളും കയറ്റവും ഇറക്കവും വളവുമുള്ള‌ പ്രദേശമാണിത്.സർവീസ്‌ റോഡിന്‌ സ്ഥലം കണ്ടത്താനും പ്രയാസപ്പെടുന്നു.  വിവിധ അപകടങ്ങളിൽ നിരവധി പേർ മരിച്ച  ഇടങ്ങളാണിത്‌. കുന്നുകളിടിച്ച്‌ വഴിയൊരുക്കുകയാണ്‌ തൊഴിലാളികൾ. ചെർക്കളയിൽ നിന്നുള്ള ആറുവരി മേൽപ്പാലം കഴിഞ്ഞാൽ ബേവിഞ്ചയിൽനിന്ന്‌ തെക്കിലിലേക്ക്‌ ആകാശപാത (വയഡക്ട്‌) നിർമിക്കും. 240 മീറ്ററാണ്‌ നീളം. ഇതിന്‌ 34 കോൺക്രീറ്റ്‌ തൂണുണ്ട്‌. 14 തൂൺ പൂർത്തിയായി. എട്ടെണ്ണത്തിന്റെ പ്രവൃത്തി നടക്കുന്നു. തെക്കിൽ കഴിഞ്ഞ്‌ ചട്ടഞ്ചാൽ എത്തുന്നതിന്‌ മുമ്പ്‌ കുന്നുകളെ ബന്ധിപ്പിച്ച്‌ കൂടുതൽ നീളമില്ലാത്ത പുതിയ ആകാശപാതക്ക്‌ കൂടി പദ്ധതിയായി. ഇതിനിടയിലുള്ള തെക്കിൽ പാലത്തിന്‌ അഞ്ച്‌ തൂൺ നിർമിച്ചു. മൂന്നിന്റെ പിയർ ക്യാപുകൾ കഴിഞ്ഞു. രണ്ടാണ്‌ ബാക്കിയുള്ളത്‌. ചട്ടഞ്ചാൽ  ടൗണിൽ മേൽപ്പാലം നിർമിക്കും. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള കുന്നുകളും കുഴികളും കടന്ന്‌ വളവുകളില്ലാതെ ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ  ജില്ലയിലെ റോഡ്‌ ഗതാഗതത്തിൽ പകരംവെക്കാനില്ലാത്ത കുതിപ്പാകും.    Read on deshabhimani.com

Related News