ആറ് വിദ്യാലയത്തിന് 
സ്വച്ഛ് പുരസ്‌കാരം



തിരുവനന്തപുരം സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അർഹമായ സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. അർബൻ വിഭാഗത്തിൽ പാങ്ങോട്‌ ആർമി പബ്ലിക് സ്‌കൂളും പാപ്പനംകോട്‌ എച്ച്‌എസ് എൽപിഎസും പുരസ്‌കാരം നേടി. അയിരൂർ എംജിഎം മോഡൽ സ്‌കൂൾ, വിളപ്പിൽശാല ഗവ. യുപിഎസ്, പടനിലം ഗവ. എൽപിഎസ്, മടത്തുവാതുക്കൽ ഗവ. എൽപിഎസ് എന്നീ വിദ്യാലയങ്ങൾക്കാണ് റൂറൽ വിഭാഗത്തിലെ പുരസ്‌കാരം. ഇതിൽ ആർമി പബ്ലിക് സ്‌കൂൾ, അയിരൂർ എംജിഎം മോഡൽ സ്‌കൂൾ എന്നിവ ഫൈവ് സ്റ്റാർ റേറ്റിങും ബാക്കിയുള്ളവ ഫോർ സ്റ്റാർ റേറ്റിങ്ങും നേടി. ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികൾക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാൻഡ് വാഷ് തുടങ്ങിയ 68 ഇനം പരിശോധിച്ചാണ് സ്‌കൂളുകൾക്ക് പുരസ്‌കാരം നൽകുന്നത്. ജില്ലയിൽ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതിൽ 75 ശതമാനത്തിനു മുകളിൽ പോയിന്റ് നേടി ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിങ്‌ സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.  കലക്ടർ നവ്‌ജ്യോത് ഖോസ സർട്ടിഫിക്കറ്റുകൾ നൽകി.  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്‌ സന്തോഷ് കുമാർ, അവാർഡിന് അർഹരായ സ്‌കൂൾ പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News