ഗോത്ര, പിന്നാക്ക ജനതയുടെ ശബ്ദമായി



ചെറുതോണി ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് ഉദ്യോഗസ്ഥതല അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സെമിനാറുകൾ. ഇടുക്കി മഹോത്സവം രണ്ടാം ദിനത്തിലെ ഗോത്ര സംസ്കാരവും മുന്നേറ്റവും, ജില്ലയിലെ പട്ടികജാതി വിഭാഗവും ജീവിത സാഹചര്യങ്ങളും പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങൾ, ജില്ലയിലെ ദളിത് ജീവിതങ്ങൾ എന്നീ സെമിനാറുകളിൽ മേഖലകളിലെ വിവിധ പ്രശ്നങ്ങൾ ചർച്ചയായി.   ഇടുക്കിയുടെ ഗോത്ര സംസ്കാരവും മുന്നേറ്റവും - കാഞ്ചിയാർ രാജൻ, ജില്ലയിലെ പട്ടികജാതി വിഭാഗവും ജീവിത സാഹചര്യങ്ങളും - കെ ജി സത്യൻ, പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങൾ - അഡ്വ. സൗമ്യ സോമൻ, ജില്ലയിലെ ദളിത് ജീവിതം - ഡോ. എം ബി മനോജ് എന്നിവരാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. കെ എ മണി അവതരിപ്പിച്ച ജില്ലയുടെ ബഹുസ്വരതയും ജനാധിപത്യവും എന്നീ വിഷയത്തിലും ചർച്ച നടന്നു.  ആദിവാസികൾക്കായി സർക്കാർ ഒരുപാട് പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ അതൊന്നും അവരിലേക്കെത്തുന്നില്ല. ഉദ്യേഗാസ്ഥതലങ്ങളിലുള്ള അനാസ്ഥയാണ് ഇതിന്റെ കാതലായ കാരണം. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ മുടക്കുകയാണ്. ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതിലെ സാങ്കേതിക തടസ്സങ്ങൾ ഇതിനുദാഹരണമാണ്.  കുടിയിറക്കണം‘ ലഹരി’  ആദിവാസി കുടികളിൽ ലഹരിവിരുദ്ധ പദ്ധതികൾ നടപ്പാക്കണമെന്നും ബോധവൽക്കരണം വേണമെന്നും സെമിനാർ ചർച്ചചെയ്‌തു. മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കുകയും ലഹരിവിമുക്ത പദ്ധതികളും ആവിഷ്‌ക്കരിക്കണം  വന്യമൃഗങ്ങളിൽനിന്ന്  കുടികളിലെ ജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുക, ലൈഫ് മിഷനിൽ ഉൾപ്പെടാത്തവർക്കായി പ്രത്യേകപദ്ധതി കൊണ്ടുവരിക എന്നിവയും ആവശ്യങ്ങളായി ഉയർന്നു.  പട്ടികജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും സെമിനാറുകളിലെത്തി. സ്വകാര്യ, എയ്ഡഡ്, സഹകരണ മേഖലകളിൽ ജനസംഖ്യാനുപാതികമായ സംവരണം ലഭിക്കാൻ നിയമം നിർമിക്കണം , കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കണം. അഭ്യസ്ഥവിദ്യരായ യുവതി, -യുവാക്കൾക്ക് ജില്ലയ്ക്ക് പുറത്തും വിദേശങ്ങളിലും തൊഴിൽ തേടാൻ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകാൻ സ്ഥിരംസംവിധാനങ്ങൾ വേണം തുടങ്ങിയവയും ചർച്ചയായി.   തമിഴ് വിഭാഗത്തിൽപ്പെട്ടവരെ കേരളീയരായി കാണണം. സംസ്ഥാന രൂപീകരണത്തിന് മുമ്പേ കേരള ഭൂ പ്രദേശങ്ങളിൽ തലമുറകളായി താമസിക്കുന്നവരാണവർ. ഗോത്ര സംസ്കാരത്തിൽ എല്ലാ കോളനികൾക്കും കുടുംബങ്ങൾക്കും പട്ടയം നൽകുക, എല്ലാ കുടുംബങ്ങൾക്കും വരുമാനം ലഭിക്കുന്ന തൊഴിൽ, ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് യോഗ്യതയ്ക്കനുസരിച്ച ജോലി, എല്ലാ കുട്ടികളിലും ട്രൈബൽ ടൂറിസം നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു.  സെമിനാറുകൾ ബാലസംഘം ജില്ലാ കോർഡിനേറ്റർ റോണക് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എകെഎസ് ജില്ലാ സെക്രട്ടറി കെ യു വിനു അധ്യക്ഷനായി. പികെഎസ് ജില്ലാ പ്രസിഡന്റ് ആർ ഈശ്വരൻ സംസാരിച്ചു. Read on deshabhimani.com

Related News