പന്നിയാറിലെ കാട്ടാനശല്യം: ഉടൻ ഇടപെടണം



ഇടുക്കി പന്നിയാർ എസ്റ്റേറ്റിന് സമീപം കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്നും ഉടൻ പ്രശ്‌നത്തിൽ ഇടപെടണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ ജില്ലാ വികസനസമിതിയോഗത്തിൽ ആവശ്യപ്പെട്ടു. കുളമാവ്  അണക്കെട്ടിന്‌ സമീപം കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന വേലി പൊതുമരാമത്ത് റോഡിൽനിന്ന്‌ മൂന്ന്‌ മീറ്റർ മാറിയാണോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ലാവികസന സമിതിയോഗത്തിൽ കലക്ടർ ഷീബ ജോർജ് അധ്യക്ഷയായി. തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡിന് സ്ഥലംവിട്ട് കിട്ടുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കണം. കുരുവിളസിറ്റി, എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങളിലെ വാട്ടർ കണക്ഷൻ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  പദ്ധതി വിഹിതം പൂർണമായും വിനിയോഗിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു. 2022–-2023 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിന് രണ്ട് മാസം മാത്രമേയുള്ളൂ.  എല്ലാ വകുപ്പുകളും പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണം. വകുപ്പ് അടിസ്ഥാനത്തിൽ ലഭ്യമായ സംസ്ഥാന -കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ചെലവ് വിവരങ്ങൾ പ്ലാൻ സ്‌പേസ് പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും കലക്ടർ നിർദ്ദേശിച്ചു.  പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള മിഷൻ അന്ത്യോദയ സർവേ 2022 ഫെബ്രുവരിയിൽ നടത്തും. ജില്ലയിലെ എല്ലാ വകുപ്പുകളിൽ നിന്നും വിവരശേഖരണം നടത്തി മൊബൈൽ ആപ് വഴി ഡേറ്റ അപ് ലോഡ് ചെയ്യണം. വിവരശേഖരണത്തിനായി സാമ്പത്തിക സ്ഥിതിവിവര കണക്ക് ഇൻവെസ്റ്റിഗേറ്റർമാർ(ക്ലസ്റ്റർ റിസോഴ്‌സ് പേഴ്‌സൺ) സമീപിക്കുമ്പോൾ ആവശ്യമായ വിവരം നൽകി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ സാമ്പത്തിക സ്ഥിതി വിവരകണക്ക് അറിയിച്ചു. സബ് കലക്ടർമാരായ രാഹുൽ കൃഷ്ണ ശർമ്മ, ഡോ.അരുൺ എസ് നായർ, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ.സാബു വർഗീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News