ഫസ്‌റ്റ്‌ ബെല്ലിന്‌ സമയമായി



മലപ്പുറം അക്ഷരമുറ്റത്തേക്ക്‌ കടന്നുവരുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. ഒന്നര വർഷത്തിനുശേഷമാണ്‌ തിങ്കളാഴ്‌ച വിദ്യാർഥികൾ സ്‌കൂളുകളിലേക്ക്‌ എത്തുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ ഉറപ്പാക്കിയുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളും സ്‌കൂളുകളിൽ ഒരുക്കി. മാസ്‌ക്‌ നിർബന്ധമായും ധരിക്കണമെന്ന‌ നിർദേശം കുട്ടികൾക്ക്‌ നൽകിയിട്ടുണ്ട്‌. സാനിറ്റൈസർ, സോപ്പ്‌, തെർമൽ സ്‌കാനര്‍ തുടങ്ങിയവയെല്ലാം സ്‌കൂളുകളിൽ കരുതും.  ജില്ലയിൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള 95 ശതമാനം തയ്യാറെടുപ്പുകളും നടന്നതായി ഡിഡിഇ കെ എസ്‌ കുസുമം പറഞ്ഞു.  എല്ലാ സ്‌കൂളുകളും ജനകീയ പങ്കാളിത്തതോടെ ശുചീകരിച്ചുകഴിഞ്ഞു. പലയിടത്തും രണ്ടും മൂന്നും തവണ ശുചീകരണം നടന്നു.   ആഹ്ലാദകരമായ 
അന്തരീക്ഷം  മുൻകാലങ്ങളിലെപോലെ ആഘോഷമായ പ്രവേശനോത്സവം ഉണ്ടാകില്ല. എന്നാൽ, അത‌ത്‌ സ്‌കൂളുകൾക്ക്‌ ഒരുക്കങ്ങൾ നടത്താം.  അധ്യാപകരും പിടിഎയും ചേർന്ന്‌ സ്‌കൂളുകൾ അലങ്കരിക്കും. എന്നാൽ, പൊതുജനങ്ങൾക്ക് പ്രവേശമുണ്ടാകില്ല. അധ്യാപകർ പ്രവേശന കവാടത്തിൽ കാത്തുനിന്ന്‌ വിദ്യാർഥികളെ വരവേൽക്കും.    എല്ലാ കുട്ടികൾക്കും ഒരുമിച്ച്‌‌ ക്ലാസ്‌ ഉണ്ടാകില്ല. ആദ്യ ഒരാഴ്‌ച പഠനവിഷയങ്ങളിലേക്ക്‌ കടക്കാതെ വിദ്യാർഥികൾക്ക്‌ ആത്മവിശ്വാസവും ധൈര്യവും പകരുന്ന അന്തരീക്ഷം സൃഷ്‌ടിക്കാനാവും  അധ്യാപകരുടെ ശ്രമം. ഒട്ടുമിക്ക സ്‌കൂളുകളുടെയും ചുവരുകൾ ചിത്രം വരച്ച്‌ മനോഹരമാക്കിയിട്ടുണ്ട്‌.  ദിവസവും 
അവലോകനം  ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആരോഗ്യ കമ്മിറ്റി രൂപീകരിച്ചു‌. എല്ലാ ദിവസവും കമ്മിറ്റി അവലോകനം നടത്തും. സബ്‌ ജില്ലാ ആരോഗ്യ കമ്മിറ്റി രണ്ട്‌ ദിവസംകൂടുമ്പോൾ അവലോകനം നടത്തും. ജില്ലാ വികസന ഓഫീസർ ചെയർമാനായ ജില്ലാതല കമ്മിറ്റി ആദ്യത്തെ രണ്ടാഴ്‌ച ബുധൻ, വെള്ളി ദിവസങ്ങളിൽ അവലോകനം നടത്തും.  അതത്‌ പ്രദേശത്തെ മെഡിക്കൽ ഓഫീസർമാരുടെ ലിസ്‌റ്റ്‌ തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌  പ്രധാനാധ്യാപകർക്ക്‌ കൈമാറിയിട്ടുണ്ട്‌. കുട്ടികൾക്കോ അധ്യാപകർക്കോ എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ പ്രധാനാധ്യാപകർക്ക്‌ മെഡിക്കൽ ഓഫീസർമാരുടെ സഹായം തേടാം.   അടുക്കള ഭദ്രം   സ്‌കൂളുകളിൽ  കുട്ടികൾക്ക്‌ ഭക്ഷണം നൽകേണ്ടതിനാൽ അടുക്കളയും പാത്രങ്ങളും പ്ലേറ്റും ശുചീകരിച്ചു. വെള്ളം പരിശോധനയും നടന്നുവരികയാണ്‌.      ജില്ലയിലെ 90 ശതമാനം സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റും കിട്ടി. സ്‌കൂൾ വാഹനങ്ങളും കഴുകി വൃത്തിയാക്കിയിട്ടുണ്ട്‌. എന്നാൽ, ജില്ലയിലെ പകുതി സ്‌കൂളുകൾക്കും സ്വന്തം വാഹനമില്ല. അവിടത്തെ വിദ്യാർഥികൾക്ക്‌ പൊതുഗതാഗതം തന്നെയാവും ആശ്രയം. Read on deshabhimani.com

Related News