ജലനിരപ്പ്‌ ഉയരുന്നു; 
നദീതീരങ്ങളിൽ ജാഗ്രതാനിർദേശം



ചിറ്റാര്‍ ജല നിരപ്പ് ഉയരുന്നതിനാൽ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിടും. ജലനിരപ്പ് 192.63  മീറ്ററായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടർ 50 സെന്റീമീറ്റർ വീതം ഉയര്‍ത്തി ജലം ഒഴുക്കിവിടുന്നുണ്ട്‌. മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും ഷട്ടർ പരമാവധി  150 സെന്റീമീറ്റർ എന്ന തോതില്‍  ഉയര്‍ത്താനും സാധ്യതയുണ്ട്‌. ഇതു മൂലം  കക്കാട്ടാറിലും പമ്പയാറിലും 100 സെന്റീമീറ്റർ വരെ ജലനിരപ്പ്  ഉയരാൻ സാഹചര്യമുണ്ട്.   കക്കാട്ടാറിന്റെയും പമ്പയാറിന്റെയും  തീരത്ത് താമസിക്കുന്നവരും മണിയാര്‍, ആങ്ങമൂഴി, സീതത്തോട്, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തുകയും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കുകയും വേണമെന്ന് കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാനൊ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്‌. കാറ്റില്‍ മരങ്ങള്‍ വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ മുൻകൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. Read on deshabhimani.com

Related News