വരക്കാട് തട്ടിൽ കല്ലുകൾ കഥ പറയുന്നു

വരക്കാട് തട്ടിൽ കണ്ടെത്തിയ കൊടുങ്കല്ലറ


വെള്ളരിക്കുണ്ട് മഹാശിലായുഗത്തിലെ ശേഷിപ്പ് മലയോരത്ത് വിസ്മയമായി. വെസ്റ്റ്എളേരിയിലെ വരക്കാട് തട്ടിലെ തമ്പായിയുടെയും രാഘവന്റെയും സ്ഥലങ്ങളിലാണ്‌ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ. കൊടുങ്കല്ലറയുടെയും കുടക്കല്ലിന്റെയും ചെങ്കല്ലറയുടെയും ഭാഗങ്ങളാണ്‌ കണ്ടെത്തിയത്‌. കാഞ്ഞങ്ങാട് നെഹ്റു  കോളേജ് ചരിത്രാധ്യാപകരായ നന്ദകുമാർ കോറോത്ത്, സി പി രാജീവൻ, പുരാവസ്തു ഗവേഷകൻ എം എസ് സുജനപാൽ എന്നിവർ ഈ പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിലാണ് മഹാ ശിലാ കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്‌. കൊടുങ്കല്ലറയും കുടക്കല്ലിന്റെ ഭാഗങ്ങളും നശിപ്പിച്ച നിലയിലുള്ള രണ്ട് ചെങ്കല്ലറകളുമാണുള്ളത്‌.  ഉത്തര കേരളത്തിൽ ആദ്യമായി കൊടുംങ്കല്ലറയുടെ ഭാഗങ്ങൾ കണ്ടെത്തിയത് പ്ലാച്ചിക്കര വനത്തിൽ പന്നിത്തടത്താണ്. എന്നാൽ ആദ്യമായാണ് പൂർണ്ണമായും തകർക്കപ്പെടാത്ത നിലയിലുള്ള കൊടുങ്കല്ലറ വരക്കാട് തട്ടിൽ കണ്ടെത്തുന്നത്.  1500 വർഷം മുമ്പ്‌  ശവസംസ്കാരവുമായി ബന്ധപ്പെട്ടാണ് കൊടുങ്കല്ലറകളും ചെങ്കല്ലറകളും നിർമിച്ചത്. കരിങ്കൽപാളികൾ അടുക്കിവെച്ചാണ് കൊടുങ്കല്ലറകൾ തയ്യാറാക്കുന്നത്. ഇതിനെ ഡോൾമെൻസ് എന്നാണ്  വിളിക്കുന്നത്. ജില്ലയിൽ ഇതുവരെയായി 120 ഓളം ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ചീമേനി, പള്ളിപ്പാറ, പോത്താംകണ്ടം, മാവുള്ളാൽ, തിമിരി, നാലിലക്കണ്ടം, പനങ്ങാട്, പൈവളിഗ, കാര്യാട്, തലയടുക്കം, ഉമിച്ചിപ്പൊയിൽ, ബങ്കളം, കല്ലഞ്ചിറ, പിലിക്കോട്, മടിക്കൈ, ബാനം, പരപ്പ, പെരളം, പറമ്പ, മലപ്പച്ചേരി, ചന്ദ്രവയൽ, കാരാട്ട് എന്നിവിടങ്ങളിലെല്ലാം ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊടുങ്കല്ലറ പന്നിത്തടത്തും വരക്കാട് തട്ടിലും മാത്രമാണ് കണ്ടെത്തിയത്. മുനിയറ എന്നും നിധിക്കുഴി എന്നും ഇവ അറിയപ്പെടുന്നുണ്ട്.  Read on deshabhimani.com

Related News