റേഷന്‍ കരിഞ്ചന്തയ്ക്ക് തടയിടും



കൊല്ലം ജില്ലയിൽ റേഷൻ കരിഞ്ചന്ത തടയാൻ നടപടി കർശനമാക്കും. എഡിഎം ആർ ബീനാറാണിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ ചേർന്ന ഭക്ഷ്യസുരക്ഷ ജില്ലാതല വിജിലൻസ് സമിതി യോഗത്തിന്റേതാണ്‌ തീരുമാനം. നിരവധി പരാതികളാണ് ലഭിച്ചത്. മുളങ്കാടകം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്ന് ഇത്തരത്തിൽ കടത്താൻ ശ്രമിച്ച അരി പിടിച്ചെടുത്തിരുന്നു.  റേഷൻ സാധനങ്ങൾ കടത്തുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കും. അനധികൃതമായി കൈവശംവച്ചിരുന്ന മുൻഗണനാ കാർഡുകൾ ഭൂരിഭാഗവും തിരിച്ചെടുത്തതായും ഇനിയും തിരിച്ചുനൽകാത്തവരെ കണ്ടെത്താൻ ഫീൽഡ് പരിശോധന നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹനകുമാർ അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ  യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ ബിപിഎൽ വിഭാഗത്തിൽ 11,428 റേഷൻ കാർഡും എഎവൈ വിഭാഗത്തിൽ 37 കാർഡും പുതുതായി അനുവദിച്ചിട്ടുണ്ട്. റേഷൻ വാതിൽപ്പടി വിതരണത്തിനുള്ള നടപടിയും ജില്ലയിൽ പൂർത്തിയായി. ഗോതമ്പ് ക്ഷാമത്താൽ ആട്ടയുടെ വിതരണം താൽക്കാലികമായി ചുരുക്കി. Read on deshabhimani.com

Related News