ഓളപ്പരപ്പിലെ സ്വർണം സഹ്യന്റെ താഴ്‌വാരത്തേക്ക്‌



കൊടുമൺ  കശ്മീർ തടാകങ്ങളിലെ ഓളപ്പരപ്പിൽ കേരളം സ്വർണപ്പതക്കമണിഞ്ഞപ്പോൾ സന്തോഷത്തിന്റെ  അലയൊലികൾ മലയോര ഗ്രാമമായ അതിരുങ്കലിലും എത്തി. കൂടൽ അതിരുങ്കൽ കൈതയക്കൽ വീട്ടിൽ ദേവപ്രിയയും തൃശ്ശൂർ സ്വദേശി അരുന്ധതിയും ചേർന്ന തുഴച്ചിൽ ടീമാണ് കേരളത്തെ നാഷണൽ സബ് ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിച്ചത്.  കുന്നും മലകളും മാത്രം കണ്ടു വളർന്ന സഹ്യന്റെ താഴ് വാരത്ത് ജനിച്ചു വളർന്ന ദേവ പ്രിയ വള്ളം തുഴച്ചിലിൽ എത്തിച്ചേർന്നത് യാദൃച്ഛികമായിരുന്നു. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ  തന്ന വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. സ്പോർട്സിനോടുള്ള താൽപര്യം കൂടി വരുന്നതിനിടയിലാണ് റോവിങ് ടീമിലേക്ക് പരിശീലനത്തിനായി കായികതാരങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള സ്പോർട്സ് കൗൺസിലിന്റെ പത്രപരസ്യം ശ്രദ്ധയിൽപ്പെട്ടത്. കൊല്ലത്ത് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ചു. പിന്നീട് ഹൈസ്കൂൾ പഠനവും പരിശീലനവുമെല്ലാം ആലപ്പുഴ സ്പോർട്സ് കൗൺസിലിന്റെ കീഴിലായി. പുന്നമടക്കായലിലായിരുന്നു തുഴച്ചിൽ പരിശീലനം. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട്‌   നാലിന് ശേഷവുമായിരുന്നു പരിശീലന സമയം.  കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ഇക്കുറി ഡബിൾസിലാണ് സ്വർണമണിഞ്ഞത്. കാശ്മീർ ശ്രീനഗറിലെ ദാൽ തടാകത്തിലായിരുന്നു മത്സരം. കൂടൽ അതിരുങ്കൽ കൈതയ്ക്കൽ വീട്ടിൽ ദിലീപിന്റെയും പ്രശാന്തയുടെയും മകളാണ്ദേവപ്രിയ.  ആലപ്പുഴ എസ്ഡിവി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്‌ടുവിന്‌  എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് വിജയിച്ചത്. സഹോദരൻ ബീജിത്ത്‌.   Read on deshabhimani.com

Related News