"എൻ ഊര്" : രണ്ടാഴ്‌ചക്കുള്ളിൽ എത്തിയത്‌ 60,000 പേർ



 കൽപ്പറ്റ ജില്ലയുടെ വിനോദ സഞ്ചാരമേഖലക്ക്‌ പുത്തനുണർവ്‌ പകർന്ന "എൻ ഊര്' ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്‌ തുടരുന്നു. മൺസൂൺ മാസമായിട്ടും ഗോത്ര പൈതൃക ഗ്രാമത്തിന്റെ സൗന്ദര്യം നുകരാൻ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ ദിവസവും എത്തുന്നത്‌.  പ്രവേശന നിരക്ക് ഏർപ്പെടുത്തിയ ജൂൺ 11 മുതൽ 27,000 മുതിർന്നവരും 2900 കുട്ടികളുമാണ് പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവിൽ വരുമാനമുണ്ടാക്കിയത്.|        പ്രകൃതിഭംഗി ആസ്വദിച്ച്‌ സുഗന്ധഗിരി കുന്നിൻ മുകളിലെത്തിയാൽ കോട മഞ്ഞിന്റെ തണുപ്പും ചാറ്റൽ മഴയും നിറഞ്ഞ മനോഹരമായ അന്തരീക്ഷം സഞ്ചാരികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പകരുന്നു. ഒരു കാലത്ത് ഗോത്ര ജനതയുടെ മുഖമുദ്രയായിരുന്ന പുൽവീടുകൾ സഞ്ചാരികളുടെ മനം കവരും. ഗോത്ര വിഭവങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന്. പൂർണമായും തനത് ഗോത്രവിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഗോത്ര ഭക്ഷണശാലകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾ നിർമിച്ച കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, പാരമ്പരാഗത തനത് കാർഷിക ഉൽപ്പന്നങ്ങൾ, പച്ചമരുന്നുകൾ, മുള ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും  വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് എൻ ഊരിലേക്ക് പ്രവേശനം. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ. ക്യാമറയ്ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സഞ്ചാരികൾക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരംവരെ സ്വന്തം വാഹനങ്ങളിലെത്താം. ഇവിടെ നിന്നും എൻ ഊരിലേക്ക് പ്രത്യേകം വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.       ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഗോത്രപൈതൃക ഗ്രാമം പട്ടികവർഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് ആവിഷ്‌കരിച്ചത്. Read on deshabhimani.com

Related News