ആർത്തവം അശുദ്ധിയല്ല കോടോം ബേളൂരിനെ കണ്ടുപഠിക്കാം



അട്ടേങ്ങാനം  ആർത്തവ കപ്പ് എന്താണെന്ന്‌ കോടോം ബേളൂർ പഞ്ചായത്തിലെ പെൺകുട്ടികൾക്ക്‌ ഇന്നറിയാം. വേറിട്ട പ്രവർത്തനം കൊണ്ട് പുതിയ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് അവർ. ആർത്തവ കപ്പിനെ കുറിച്ചുള്ള പ്രചാരണം നാലുമാസമായി  പഞ്ചായത്തിലുടനീളം നൽകി. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഇതിനായി മുന്നിട്ടിറങ്ങി. ആർത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതിവച്ച ശേഷമാണ് ബോധവൽക്കരണം നടത്തിയത്‌.  പുതു തലമുറയിലെ ഒട്ടുമിക്ക പേരും ആർത്തവ കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും  ധാരണയില്ലാത്ത സാധാരണക്കാരെയും ആദിവാസി വിഭാഗങ്ങളെയും ബോധവൽക്കരിക്കുകയായിരുന്നു  ലക്ഷ്യം. അങ്കണവാടി, സ്‌കൂൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ക്ലാസുകൾ നടത്തി. 103 ആദിവാസി കോളനികളിലും കുടുംബശ്രീ മുഖാന്തിരം ക്യാമ്പയിൻ നടത്തി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ഫാത്തിമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ലഘുലേഖ വിതരണം ചെയ്തും ക്ലാസുകൾ നടത്തിയും വീഡിയോ പ്രദർശിപ്പിച്ചും പ്രചാരണത്തിൽ സജീവമായി. പാറക്കല്ലിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം ബേളൂരിനെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷയായി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ പി ഗോപാല കൃഷ്ണൻ, എൻ എസ് ജയശ്രീ, ഡോ. ഫാത്തിമ, എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം പി ഗോപി സ്വാഗതവും   ആശാലത നന്ദിയും പറഞ്ഞു.   നാപ്കിൻ ഉപയോഗത്തിലൂടെ മാലിന്യം കൂടി വരുന്ന സാഹചര്യമുണ്ട്. ആർത്തവ കപ്പ് ഉപയോഗത്തിലൂടെ ഈ പ്രശ്‌നം തടയാം. സംസ്ഥാനത്ത് തന്നെ ആദ്യത്തെ പഞ്ചായത്തായിരിക്കും സമ്പൂർണ അവബോധം നടത്തുന്നത്. ആർത്തവ കപ്പിനെ കുറിച്ച് പുതുതായി അറിയുന്നവർക്ക് ഇതിന്റെ ശാസ്ത്രീയമായ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. പി ശ്രീജ കോടോം ബേളൂർ 
പഞ്ചായത്ത് പ്രസിഡന്റ്‌      Read on deshabhimani.com

Related News