ബഹുസ്വരതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കണം: മന്ത്രി വി എൻ വാസവൻ

കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ പരേഡ് പരിശോധിക്കുന്നു


കോട്ടയം രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് സഹകരണ-, രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ പറഞ്ഞു. പൊലീസ് പരേഡ് മൈതാനത്ത്  ദേശീയ പതാകയുയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.  ഭരണഘടനയെ നെഞ്ചോടു ചേർത്തുനിർത്തി അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം. രാജ്യത്ത് അതിസമ്പന്നരുടെയും ശതകോടീശ്വരൻമാരുടെയും എണ്ണം വർധിക്കുമ്പോഴും അതിദരിദ്രരുടെ സ്ഥിതി അതേപോലെ തുടരുന്നു. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകൂ.  മതനിരപേക്ഷതയുടെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾക്കൊള്ളുന്ന കേരളത്തിന്റെ ഫ്‌ളോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചില്ലെന്നത് വേദനിപ്പിക്കുന്ന ഘടകമാണ്. ഇത് ഫെഡറൽ സംവിധാനങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.   കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തോമസ് ചാഴികാടൻ എംപി , നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, നഗരസഭാംഗം റീബാ വർക്കി, സബ് കലക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു.  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആർ പി അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. സിവിൽ പൊലീസ്, വനിതാ പൊലീസ്, വനം വകുപ്പ്, എക്‌സൈസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകൾ മാത്രമാണ് പങ്കെടുത്തത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ കെ  പ്രശോഭ്, തലയോലപ്പറമ്പ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി  വിദ്യ, മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ജി മഹേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വി സന്തോഷ് കുമാർ എന്നിവരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാർ.   Read on deshabhimani.com

Related News