ലോകകപ്പ് ലഹരിയിൽ ഭജനമഠം ഗ്രാമം



എഴുകോൺ മരിക്കാത്ത ഓർമയായി മറഡോണ... കൂടെ മെസ്സിയും റൊണാൾഡോയും നെയ്മറും ഹാരികെയിനും എംബാബേയും ഉൾപ്പെടെ ആരാധകരുടെ പ്രിയ കളിക്കാർ... ഭജനമഠം ഗ്രാമത്തിന്റെ മതിലിലും തെരുവിലുമാകെ ലോകകപ്പ് ഫുട്ബോൾ ലഹരി നുരയുകയാണ്. നൂറിലധികം ചെറുപ്പക്കാർ ലോകകപ്പിന്റെ ആവേശം ഏറ്റെടുത്ത് ആറാടുകയാണ്. കൊടിതോരണങ്ങൾക്കും കൂറ്റൻ കട്ട്‌ഔട്ടുകൾക്കും പുറമെ ഭജനമഠത്തെ വ്യത്യസ്തമാക്കുന്നത് ചുമർചിത്രങ്ങളാണ്. 200 മീറ്ററോളം നീളമുള്ള മതിലും റേഡിയോ കിയോസ്കും കളിക്കാരെയും കൊടികളെയും കൊണ്ട് നിറച്ചു. രാജരവിവർമ കോളേജിലെ ബിരുദ വിദ്യാർഥി എസ്എൻ പുരം സ്വദേശി അഭിഷേകാണ് ചുമർചിത്രങ്ങൾക്ക് കൈയൊപ്പ് ചാർത്തിയത്. ബ്രസീലിനും ഇംഗ്ലണ്ടിനും പോർച്ചുഗലിനും ജർമനിക്കും ഭജനമഠത്തിൽ ആരാധകർ ഉണ്ടെങ്കിലും അർജന്റീനയ്ക്കാണ് അൽപ്പം മുൻ‌തൂക്കം. അതിന്റെ ഉദാഹരണമാണ് പൊടിയന്റെ മുറുക്കാൻ കട. അർജന്റീനയ്ക്കായി അണിഞ്ഞൊരുങ്ങിയ കടയിൽ അർജന്റീനയുടെ ജെഴ്സിയണിഞ്ഞാണ് പൊടിയനും എത്തുന്നത്. ബിഗ് സ്‌ക്രീനിൽ എല്ലാ മത്സരങ്ങളും പ്രദർശിപ്പിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കളിയാരവത്തിൽ കേരളം പദ്ധതിയുമായി സഹകരിച്ചാണ് മത്സര പ്രദർശനം. മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സാഫ് ഭജനമഠത്തിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ മേള സംഘടിപ്പിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News