കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയം ജനങ്ങൾ ഒന്നിക്കണം: എളമരം കരീം



    കോഴിക്കോട്‌  രാജ്യത്തെ തൊഴിൽമേഖലയും സാമ്പത്തിക രംഗവും തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന്‌  സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.  സംയുക്ത ട്രേഡ്‌ യൂണിയനുകൾ ആഹ്വാനംചെയ്‌ത ദേശീയ പണിമുടക്കിന്റെ ഭാഗമായി ആദായ നികുതി ഓഫീസിനുമുന്നിൽ നടന്ന പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.      അധ്വാനിക്കുന്ന ജനവിഭാഗം ഒന്നിച്ച്‌ നിന്നാൽ ആരെയും മുട്ടുകുത്തിക്കാനാവും. ഉത്തർപ്രദേശിൽ വൈദ്യുതി മേഖലയിൽ സ്വകാര്യവത്‌കരണം കൊണ്ടുവരാനുള്ള തീരുമാനത്തെ തൊഴിലാളികൾ ഒന്നിച്ചുനിന്ന്‌ പരാജയപ്പെടുത്തി.   തൊഴിലാളികൾക്ക്‌  സംരക്ഷണം നൽകാതെ ഈ മേഖലയെ അടിമത്ത വ്യവസ്ഥിതിയിലേക്കാണ്‌ മോഡി സർക്കാർ കൊണ്ടുപോകുന്നത്‌. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക്‌ ആനുകൂല്യങ്ങൾ നൽകിയിരുന്ന നിയമങ്ങളാകെ ദുർബലപ്പെടുത്തി. തൊഴിലാളികളിൽ ഭൂരിപക്ഷം വരുന്ന  അസംഘടിത മേഖലയിലുള്ളവർക്ക്‌   ഒരുവിധത്തിലുള്ള നിയമ പരിരക്ഷയുമില്ല.       ദേശീയ മിനിമംകൂലി നിശ്ചയിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവടക്കം ലംഘിച്ചു. സ്ഥിരംജോലി എന്ന വ്യവസ്ഥയെ തകിടം മറിച്ചതോടെ തൊഴിലാളികളുടെ ഭാവിജീവിതം തുലാസിലായി.  പണിമുടക്ക്‌ നടത്താൻപോലും അനുവദിക്കുന്നില്ല. ഇത്തരം കാട്ടുനിയമങ്ങളോട്‌ ബിജെപി അനുകൂല സംഘടനയായ ബിഎംഎസിനുപോലും കടുത്ത പ്രതിഷേധമുണ്ട്‌.  കേന്ദ്ര തൊഴിൽമേഖലയിൽ മാത്രമല്ല പ്രശ്‌നം. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ ദിവസങ്ങളായി യുപിയിൽ ജയിലിൽ കഴിയുമ്പോൾ ആർഎസ്‌എസിനുവേണ്ടി ശബ്ദിക്കുന്ന അർണാബ്‌ ഗോസ്വാമി‌ക്ക്‌ എളുപ്പത്തിൽ ജാമ്യംലഭിച്ചു.  നീതിന്യായ വ്യവസ്ഥയിൽപ്പോലും ഇത്തരം വേർതിരിവുകളുണ്ടെന്ന്‌ ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാവില്ല. നാട്‌ കൊള്ളയടിക്കാൻ അംബാനിമാർക്ക്‌ അവസരം കൊടുക്കുന്ന ഇത്തരം നയങ്ങളെ തോൽപ്പിക്കാൻ ഒന്നിച്ച്‌ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News