കഴിക്കാം, അകന്നിരുന്ന്‌



മലപ്പുറം  ഇരുന്ന്‌ കഴിക്കാൻ അനുമതിയായതോടെ ജില്ലയിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും വീണ്ടും സജീവമാവുന്നു. ഇളവുകൾക്ക്‌ ശേഷമുള്ള ആദ്യദിനം ഞായർ ആയിരുന്നതിനാൽ കടകളിൽ പതിവിൽ കവിഞ്ഞ ആളുണ്ടായില്ല. ഹർത്താലിന്‌ ശേഷം ചൊവ്വയോടെ കടകൾ സജീവമാകും. പാഴ്‌സൽ വിൽപ്പനയുടെ സമയത്ത്‌ വെട്ടിക്കുറച്ച ജീവനക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്‌ ഹോട്ടൽ ഉടമകൾ. ജീവനക്കാർ രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരാണെന്ന്‌ ഉറപ്പാക്കണം.  ആശ്വാസം, പ്രതീക്ഷ നിയന്ത്രണങ്ങളിലെ പുതിയ ഇളവ്‌ ഹോട്ടലുടമകൾക്കും ജീവനക്കാർക്കും ആശ്വാസമായി. അടച്ചിടലും തുടർന്നുള്ള നിയന്ത്രണങ്ങളും കാരണം പ്രതിസന്ധിയിലായ ഉടമകൾ പ്രതീക്ഷയിലാണ്‌. വെട്ടിക്കുറച്ച ജീവനക്കാരെ തിരികെയെത്തിക്കുന്നത്‌ തൊഴിലാളികൾക്കും ഗുണമാകും. ഏറെ നാളുകൾക്ക്‌ ശേഷം ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാനാവുന്നതിന്റെ സന്തോഷം പൊതുജനങ്ങൾക്കുമുണ്ട്‌. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സർക്കാരിന്‌ നന്ദി അറിയുക്കുന്നതായും ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം മൊയ്‌തീൻകുട്ടിഹാജി പറഞ്ഞു.  എല്ലാം പഴയപടിയല്ല, ശ്രദ്ധ വേണം  രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്കാണ്‌ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന്‌ കഴിക്കാൻ അനുമതി. 18 വയസിന്‌ താഴെയുള്ളവർക്ക്‌ ഈ നിബന്ധന ബാധകമല്ല.  ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. എസി ഉപയോഗിക്കരുത്. ജനലുകളും വാതിലുകളും പരമാവധി തുറന്നിടണം. Read on deshabhimani.com

Related News