ജില്ല ഇന്ന്‌ സ്‌തംഭിക്കും

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തിങ്കളാഴ്ച നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ കർഷക 
സംയുക്ത സമിതി മലപ്പുറത്ത് പ്രകടനം നടത്തുന്നു


മലപ്പുറം  മൂന്ന്‌ കാർഷിക നിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്‌ത ഭാരത് ബന്ദിൽ ജില്ല നിശ്ചലമാകും. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർടികളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്‌. തിങ്കൾ രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ എൽഡിഎഫ്‌ ഹർത്താൽ നടത്തും. ശനിയും ഞായറും തൊഴിലാളികൾ കടകളിൽ കയറി സമരത്തിന്‌ പിന്തുണ തേടി. ഞായർ സംയുക്ത സമര സമിതി യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. തിങ്കൾ രാവിലെ ഒമ്പതിന്‌ കുന്നുമ്മലിൽനിന്നും കോട്ടപ്പടിയിൽനിന്നും ആരംഭിക്കുന്ന പ്രകടനം സിവിൽ സ്‌റ്റേഷന്‌ മുന്നിൽ സംഗമിക്കും.  തുടര്‍ന്ന്‌ കുന്നുമ്മൽ കെഎസ്‌ആർടിസി പരിസരത്ത്‌ സത്യഗ്രഹം തുടങ്ങും. സംയുക്ത സമര സമിതി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. മണ്ഡലം, പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്‌മയും പൊതുയോഗവും നടക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും ബന്ദിൽ ഉയർത്തുന്നു. Read on deshabhimani.com

Related News