കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു



ബത്തേരി ബ്ലോക്ക്‌ കമ്മിറ്റി പുനഃസംഘടന കെപിസിസി പ്രസിഡന്റ്‌ മരവിപ്പിച്ചത്‌ ബത്തേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ രൂക്ഷമാക്കി. അർബൻ ബാങ്ക്‌ നിയമനങ്ങളിലെ കോഴയിടപാട്‌ പ്രതിസന്ധിയിലാക്കിയതിന്‌ പുറമെയാണ്‌ ഡിസിസി പ്രസിഡന്റ്‌ പുതിയതായി 14 പേരെ ഉൾപ്പെടുത്തി ബത്തേരി ബ്ലോക്ക്‌ കമ്മിറ്റിയിൽ നടത്തിയ പുനഃസംഘടന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മരവിപ്പിച്ചത്‌. എൻ ഡി അപ്പച്ചൻ ഡിസിസി പ്രസിഡന്റായതോടെയാണ്‌ എ വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തി ബ്ലോക്ക്‌ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്‌. മുൻ ഡിസിസി പ്രസിഡന്റും ഐ വിഭാഗം നേതാവുമായ ഐ സി ബാലകൃഷ്‌ണന്റെ ഇടപെടലിലാണ്‌ എൻ ഡി അപ്പച്ചൻ നേരിട്ട്‌ ഉൾപ്പെടുത്തിയവരുടെ പേരുൾപ്പെട്ട ലിസ്‌റ്റ്‌ മരവിപ്പിച്ചത്‌. പുനഃസംഘടനയിൽ കെ എം ഉസ്‌മാനെ വൈസ്‌ പ്രസിഡന്റായും എം എ അനുമോദ്‌കുമാറിനെ ട്രഷററായുമാണ്‌ കൂട്ടിച്ചേർത്തത്‌. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമ്മർ കുണ്ടാട്ടിലിനാണ്‌ ഇത്‌ സംബന്ധിച്ച പട്ടിക എൻ ഡി അപ്പച്ചൻ കൈമാറിയത്‌. ഇതോടെയാണ്‌ മറുവിഭാഗം എതിർപ്പ്‌ ശക്തമാക്കിയത്‌. കെ എം ഉസ്‌മാനെ വൈസ്‌ പ്രസിഡന്റാക്കിയതിലുള്ള പ്രതിഷേധത്തെ തുടർന്ന്‌ നെന്മേനി മണ്ഡലം കമ്മിറ്റിക്ക്‌ കീഴിലെ യൂണിറ്റ്‌ കമ്മിറ്റികൾ പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പ്‌ കെപിസിസിയെ ഐ സി ബാലകൃഷ്‌ണൻ മുഖാന്തരം അറിയിച്ചു. അർബൻ ബാങ്ക്‌ അഴിമതിയിൽ ആരോപണ വിധേയരായ നേതാക്കളെ സംരക്ഷിക്കാനും ബ്ലോക്ക്‌ കമ്മിറ്റി കൈയടക്കാനുമുള്ള നീക്കമാണ്‌ നിലവിലെ ഡിസിസി നേതൃത്വം നടത്തുന്നതെന്നാണ്‌ ഐ വിഭാഗത്തിന്റെ പ്രധാന ആക്ഷേപം. അർബൻ ബാങ്ക്‌ അഴിമതിയിൽ ഐ സി ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവരുടെ പങ്ക്‌ വെളിപ്പെടുത്തി ഉമ്മർ കുണ്ടാട്ടിലടക്കമുള്ളവർ നേരത്തേ പ്രസ്‌താവന നടത്തിയിരുന്നു. ഇതിനിടെ 29ന്‌ ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ ബ്ലോക്ക്‌ കമ്മിറ്റി പുനഃസംഘടനക്കെതിരെയും ഐ സി ബാലകൃഷ്‌ണന്റെ കോഴപ്പണ ഇടപാടുകൾക്കെതിരെയും ശബ്ദിച്ച പി വി ബാലചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും നടപടി ആവശ്യപ്പെട്ട്‌ നിവേദനം നൽകാൻ ചീരാലിൽ ചേർന്ന ഐ വിഭാഗം യോഗം തീരുമാനിച്ചു. അർബൻ ബാങ്ക്‌ കോഴയിടപാടിൽ ഡിസിസി പ്രസിഡന്റിന്റെ പങ്ക്‌ കെപിസിസിയെ ധരിപ്പിക്കാനും യോഗത്തിൽ ധാരണയായി. യോഗത്തിൽ നെന്മേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെ പങ്കെടുത്തത്‌ മറുവിഭാഗത്തെ പ്രകോപിപ്പിച്ചു. പഞ്ചായത്തിലെ കോൺഗ്രസ്‌ അംഗങ്ങൾക്കിടയിലും ഭിന്നതയുണ്ട്‌. Read on deshabhimani.com

Related News