വൈവിധ്യങ്ങൾ നിറഞ്ഞ്‌ ഈന്തപ്പഴ വിപണി മജ്ദൂള്‍ ഹീറോയാണ് ഹീറോ

റംസാൻ പ്രമാണിച്ച് സജീവമായ മലപ്പുറത്തെ ഈന്തപ്പഴ വിപണി


മലപ്പുറം മറ്റെന്തു വിഭവങ്ങളുണ്ടെങ്കിലും ശരി, നോമ്പുതുറയിൽ രാജാവ്‌ ഈന്തപ്പഴമാണ്‌. ഇഫ്താർ വിരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്തത്‌. ആ തലയെടുപ്പോടെയാണ്‌ റംസാൻ വിപണിയിൽ ഈന്തപ്പഴമെത്തുന്നത്‌.  സൗദി, ജോർദാൻ, പലസ്തീൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള ഈന്തപ്പഴമാണ്‌ വിപണിയിലുള്ളത്‌. സൗദിയിൽനിന്നുള്ള അജ്‌വയാണ് വിപണിയിലെ കിങ്. കറുത്തനിറത്തിലുള്ള അജ്‌വക്ക്‌ കിലോയ്ക്ക്‌ 1975 രൂപയാണ് വില. സൗദിയിൽനിന്നുതന്നെയുള്ള മബ്‌റൂം, സഗായ് എന്നിവയും മുന്തിയ ഇനങ്ങളാണ്. മബ്‌റൂ 1300, സഗായ് 1100 രൂപ എന്നിങ്ങനെയാണ്‌ വില.  ജോർദാനിലെ മജ്ദൂളും ഹീറോതന്നെ. വില 1900 രൂപ. കുദ്റി, ഇറാനി, ബക്കാറ, ഫറാജി, സുൽത്താൻ, ഹാർമോണി എന്നിവ സ്വാദിലും വിലയിലും ജനപ്രിയമാണ്‌. ഈന്തപ്പഴവും ഡ്രൈ ഫ്രൂട്ടുംമാത്രം വിൽക്കുന്ന കടകൾ, ബേക്കറികൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. റംസാൻ വിപണിയിലെ ഈന്തപ്പഴ കച്ചവടത്തിൽ സന്തുഷ്ടരാണ് കച്ചവടക്കാരും. കോവിഡ് വരിഞ്ഞുമുറുക്കിയ രണ്ടുവർഷത്തെ ക്ഷീണംമാറ്റാൻ ഇത്തവണ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മലപ്പുറം കിഴക്കേത്തല അജ്ഫാൻ ഡേറ്റ്സ് ആൻഡ് നട്ട്സ് മാനേജർ എം ജംഷീർ പറഞ്ഞു.   Read on deshabhimani.com

Related News