മെല്ലെയോടി പോൾ മൗണ്ടഡ്‌ 
പോയിന്റ്‌

വൈത്തിരിയിലെ ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷൻ


സ്വന്തം ലേഖകൻ കൽപ്പറ്റ ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ്‌ ചെയ്യുന്നതിനുള്ള  പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകൾ ഉപയോഗിക്കാർ വാഹന ഉടമകൾക്ക്‌ വിമുഖത.  ഇരുപത്തിയഞ്ചോളം ചാർജിങ് പോയിന്റുകളാണ്‌ ജില്ലയിലുള്ളത്‌. എന്നാൽ ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ സജീവമാണ്‌.  രണ്ട്‌ ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകളാണ്‌ ജില്ലയിലുള്ളത്‌.   വൈദ്യുതി തൂണുകളിൽ സ്ഥാപിക്കുന്ന പ്ലഗ്‌ പോയിന്റുകളിൽനിന്ന്‌ ലളിതമായി വാഹനങ്ങളിലെ ബാറ്ററി ചാർജ്‌ ചെയ്യാവുന്ന സംവിധാനമാണ്‌  പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകളിലുള്ളത്‌. ഇത്‌ കൂടുതലും ഉപയോഗപ്രദമാവുന്നത്‌  ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ്‌. ‌ ഇത്തരം വാഹനങ്ങൾ കുറവായതും  ചാർജിങ്ങിന്‌ കൂടുതൽ സമയമെടുക്കുന്നതിനാലുമാണ്‌ സംവിധാനം സജീവമാവാത്തതെന്നാണ്‌ കെഎസ്‌ഇബിയുടെ വിലയിരുത്തൽ. ചാർജിങ്ങിന്‌ നാലും അഞ്ചും മണിക്കൂർവരെ വരുന്നുണ്ട്‌.  വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യക്കുറവുമുണ്ട്‌.  ഇലക്‌ട്രിക്‌ കാറുകൾ സജീവമായതോടെ  ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകളിൽ തിരക്കുണ്ട്‌.  വൈത്തിരിയിയിൽ കെഎസ്‌ഇബി ഓഫീസിനോട്‌ ചേർന്നും  പടിഞ്ഞാറത്തറയിൽ ബാണാസുര ഡാം പരിസരത്തുമാണ്‌ ഇ–-ചാർജിങ്‌ സ്‌റ്റേഷൻ ഒരുക്കിയിട്ടുള്ളത്‌. ചാർജിങ്ങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് സ്‌റ്റേഷനുകളുടെ ക്രമീകരണം. ചാർജിങ് കേന്ദ്രത്തിൽ രണ്ട്‌ ചെറുവാഹനങ്ങൾക്ക്‌ ഒരേസമയം ചാർജ്‌ ചെയ്യാനാവും.      പരിസ്ഥിതി മലനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വിലവർധനയിലെ പ്രയാസം കുറയ്‌ക്കുക എന്ന ലക്ഷ്യവുമായുള്ള  സംസ്ഥാന സർക്കാരിന്റെ ഇ–- പോളിസിയുടെ ഭാഗമായാണ്‌ ജില്ലയിലും കെഎസ്‌ഇബി  ചാർജിങ് സംവിധാനങ്ങൾ ഒരുക്കിയത്‌.      പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ്‌ പോൾ മൗണ്ടഡ് ചാർജിങ്‌ സംവിധാനം. പനമരം, വെള്ളമുണ്ട, നാലാം മൈൽ, മാനന്തവാടി, തലപ്പുഴ, കൽപ്പറ്റ ടൗൺ, എസ്‌കെഎംജെ സ്‌കൂൾ, മേപ്പാടി, മുട്ടിൽ, കമ്പളക്കാട്‌,  പുൽപ്പള്ളി, മീനങ്ങാടി ടൗൺ,  കേണിച്ചിറ ടൗൺ, ബത്തേരി ടൗൺ, അമ്പലവയൽ ടൗൺ എന്നിവിടങ്ങളിലെല്ലാം  ചാർജിങ്‌ സെന്ററുകളുണ്ട്‌. ഇലക്‌ട്രിക്‌ വാഹനത്തിന്‌ കൂടുതൽ പ്രചാരം ലഭിക്കുന്നതോടെ പോൾ മൗണ്ടഡ് ചാർജിങ്ങിനും കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ.  Read on deshabhimani.com

Related News