പ്രളയബാധിതരെ മാറ്റിപ്പാർപ്പിക്കാൻ സ്ഥിരംകേന്ദ്രം



ചെങ്ങന്നൂർ മുളക്കുഴ ഡിവിഷനിൽ ആറുകോടിയുടെ വികസനപ്രവർത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത്. പ്രളയക്കെടുതി ഏറ്റവും കൂടുതൽ അനുഭവിച്ച  ചെങ്ങന്നൂരിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സ്ഥിരംസംവിധാനം ഒരുക്കുന്നതാണ്‌ ഇതിൽ പ്രധാനം. മുളക്കുഴ നികരുംപുറത്ത് പഞ്ചായത്തിന്റെ 22 സെന്റ് സ്ഥലമാണ് ഇതിനുപയോഗിക്കുന്നത്. ദുരന്തനിവാരണസമയത്തും അല്ലാത്തപ്പോഴും ഉപയോഗിക്കാം. രണ്ടുകോടി രൂപ ഇതിനായി നീക്കിവച്ചു.   ആലാ പഞ്ചായത്തിൽ ഉമ്മാത്ത് എസ്എൻഡിപി മന്ദിരം റോഡിന് 25 ലക്ഷം, അഞ്ചാം വാർഡിൽ അങ്കണവാടിക്ക് 20 ലക്ഷം, വിപണനകേന്ദ്രത്തിന് അഞ്ചുലക്ഷം എന്നീ പദ്ധതികൾക്ക്‌ അനുമതിയായി. ബുധനൂർ പഞ്ചായത്തിൽ ലക്ഷംവീട് കോളനി 17 ലക്ഷം, ചെറുതോട്‌ പാടശേഖരം 10 ലക്ഷം ഇവ പൂർത്തിയാക്കി. 17 ലക്ഷം ചെലവഴിച്ച് അരിയന്നൂർ കോളനി സമഗ്രവികസനം നിർമാണം പൂർത്തീകരിച്ചു.    മുളക്കുഴ പഞ്ചായത്തിൽ 10–-ാം വാർഡിലെ അങ്കണവാടി, കക്കോട് കോളനി സമഗ്രവികസനം എന്നിവയുടെ നിർമാണം പൂർത്തീകരിക്കുന്നു. ചെറിയനാട് ചിറമേൽപ്പടി റോഡ് 25 ലക്ഷം പൂർത്തീകരിച്ചു. ഒന്നാം വാർഡിൽ 27 ലക്ഷത്തിന്റെ അങ്കണവാടി നിർമാണം പുരോഗമിക്കുന്നു.   പുലിയൂർ തോന്നക്കാട് അങ്കണവാടി കെട്ടിടം പൂർത്തീകരിച്ചു. പുലിയൂർ പഞ്ചായത്തിനെ തരിശുരഹിതമാക്കാൻ സംയുക്ത പദ്ധതി ഏറ്റെടുക്കും.  ജില്ലാ പഞ്ചായത്തിന്റെ സ്‌കൂളുകളിൽ വിവിധ വികസനപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.    വിവിധ പദ്ധതികൾക്കായി പഞ്ചായത്തുകൾക്ക് നൽകിയ വിഹിതം ഉൾപ്പെടെ ആറുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന്‌ ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ അറിയിച്ചു. Read on deshabhimani.com

Related News