വള്ളികൾ പൂവിടും പ്രതീക്ഷ തളിർക്കും

ഷമീനാബീവി ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടത്തിൽ


കൊല്ലം വീടിനു സമീപത്തെ ഒരേക്കറിൽ നിറയെ കോൺക്രീറ്റ്‌ തൂണുകൾ. അവയിൽ വളഞ്ഞുപുളഞ്ഞുനിൽക്കുന്ന വള്ളികൾ. വേനൽമഴയിൽ ഈ വള്ളികളിൽ ചുവപ്പൻതാരം പൂവിടുന്നതും കാത്തിരിക്കുകയാണ്‌ നിലമേൽ ബംഗ്ലാംകുന്ന്‌ മൂലക്കടയിൽ ഷമീനാബീവി(43). കടൽകടന്നെത്തിയ ഡ്രാഗൺ ഫ്രൂട്ട്‌ റോയൽ റെഡ്‌ ഇനത്തിന്റെ 320 തൈകളാണ്‌ കഴിഞ്ഞ ഏപ്രിലിൽ നട്ടത്‌. 70 രൂപയാണ്‌ ഒരു തൈയുടെ വില. 25വർഷം വരെ ആയുസ്സുള്ള ചെടികൾ ബലമേറിയ കോൺക്രീറ്റ്‌ തൂണുകളിൽ ടയർ ഘടിപ്പിച്ചാണ്‌ കൃഷിചെയ്യുന്നത്‌. ഭർത്താവ്‌ എസ്‌ നൗഷാദിനൊപ്പം ഗൾഫിൽ അധ്യാപികയായിരുന്ന ഇവർ മക്കൾ പത്താംക്ലാസിൽ എത്തിയതോടെയാണ്‌ നാട്ടിൽ തിരിച്ചെത്തിയത്‌. മക്കൾ സ്‌കൂളിൽ പോയതിനു ശേഷമുള്ള ഒറ്റപ്പെടൽ ഒഴിവാക്കാനാണ്‌ കൃഷിയെ കൂടെക്കൂട്ടിയത്‌. കൂൺകൃഷി, തേനീച്ചക്കൃഷി, മഴമറയിൽ പച്ചക്കറിക്കൃഷി തുടങ്ങി വീട്ടിൽ ഇല്ലാത്ത കൃഷിയൊന്നുമില്ല.   ‘ഡ്രാഗൺ ഫ്രൂട്ടാകുമ്പോൾ ആഴത്തിൽ വേരോടാറില്ല, കള്ളിച്ചെടിയുടെ വർഗമായതിനാൽ അധികം വെള്ളവും വേണ്ട, നല്ല വെയിൽ മതി. ചെടികളിൽ പൂക്കളും കായ്‌കളും നിറഞ്ഞുനിൽക്കുന്നത്‌ കാണാനും സൗന്ദര്യമേറെ...’’–-ഷമീന മനസ്സുതുറക്കുന്നു. പേരിലും കളറിലും പത്രാസോടെ വിലസുന്ന ഇവയുടെ തണ്ടുകൾ കള്ളിമുൾച്ചെടി പോലെയിരിക്കുമെങ്കിലും മുള്ളുകൾ ബലമേറിയതല്ല. മുള്ളുകളുള്ള ഭാഗത്തുനിന്നാണ് പൂക്കൾ പൊട്ടിവിരിഞ്ഞ് പഴമാകുക. മുള്ളിനെ പേടിച്ച് വവ്വാലോ പക്ഷികളോ കൊത്തിക്കൊണ്ടുപോകുകയുമില്ലെന്നും ഷമീന പറയുന്നു.  പിന്തുണയുമായി 
നിലമേൽ കൃഷിഭവൻ നിലമേൽ കൃഷിഭവന്റെ പൂർണ പിന്തുണയിലാണ്‌ കൃഷി.  സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ വിവിധ സബ്‌സിഡികൾ ഉപയോഗിച്ചാണ്‌ കൃഷി.  ഫാം പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത മികച്ച 10കർഷകരിൽ ഒരാളാണ്‌ ഷമീനയെന്ന്‌  കൃഷി ഓഫീസർ എം നസീം പറഞ്ഞു. Read on deshabhimani.com

Related News