വിശന്നിരിക്കേണ്ട; സമൂഹ അടുക്കള റെഡി



കൊല്ലം സംസ്ഥാനം ലോക്ക്‌ ഡൗണിൽ ആയതോടെ ആരും പട്ടിണിയാകാതിരിക്കാൻ  മുഖ്യമന്ത്രി  പ്രഖ്യാപിച്ച സമൂഹ അടുക്കള ജില്ലയിലെ  മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അടുത്തദിവസം തുറക്കും. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും മയ്യനാട്‌ പഞ്ചായത്തിലും വ്യാഴാഴ്‌ചതന്നെ സമൂഹ അടുക്കള തുടങ്ങി.  27 പഞ്ചായത്തുകളും കൊല്ലം കോർപറേഷനും  പരവൂർ, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളും ഇതിനുള്ള നടപടി  പൂർത്തീകരിച്ചു. ഇവിടങ്ങളിലെല്ലാം  വെള്ളിയാഴ്‌ച ഭക്ഷണവിതരണം  തുടങ്ങിയെന്ന്‌ അധികൃതർ ഉറപ്പാക്കും.  കുടുംബശ്രീകളൂടെ നിലവിലുള്ള കാറ്ററിങ്‌ സൗകര്യവും സ്‌കൂൾ പാചകപ്പുരകളും അടുക്കളയ്‌ക്കായി പ്രയോജനപ്പെടുത്തും. ആവശ്യക്കാർക്ക്‌ വീടുകളിൽ ഉൾപ്പെടെ ഭക്ഷണപ്പൊതി എത്തിക്കാനാണ്‌ തീരുമാനം. ഭക്ഷണപ്പൊതിക്ക്‌ വില 20 രൂപയാണ്‌.  അഞ്ചു രൂപ ഡെലിവറി ചാർജായും നൽകണം.  ഐസൊലേഷൻ വാർഡിലും വീടുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതി എത്തിച്ചുകൊടുക്കും.  ഇതിനും കുടുംബശ്രീയെയും സന്നദ്ധസംഘടനകളെയും ഉപയോഗപ്പെടുത്തും. നിരാലംബരായ ആളുകൾക്കും പണം കൊടുത്തുവാങ്ങാൻ കഴിയാത്തവർക്കും സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണം  സൗജന്യമായി നൽകും.   സമൂഹ അടുക്കള ആരംഭിക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്‌ച വിവിധ വകുപ്പുകളുടെ സംസ്ഥാന ജില്ലാ ഉന്നത ഉദ്യേഗാസ്ഥർ വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. പഞ്ചായത്ത്‌ ഡയറക്ടർ പി കെ ജയശ്രീ,  സ്‌പെഷൽ സെക്രട്ടറി കെ ബിജു, കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ, ജില്ലാ നഗരകാര്യ വകുപ്പ്‌ റീജ്യണൽ ജോയിന്റ്‌ ഡയറക്ടർ ഹരികുമാർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്‌, ജില്ലാ കുടുംബശ്രീ മിഷൻ കോ–-ഓർഡിനേറ്റർ എ ജി സന്തോഷ്‌ എന്നിവർ പങ്കെടുത്തു.    Read on deshabhimani.com

Related News