വൃദ്ധയടങ്ങുന്ന ദരിദ്രകുടുംബത്തെ കുടിയൊഴിപ്പിക്കുന്നത് തടഞ്ഞു

അമ്മാടത്തെ ദരിദ്രകുടുംബത്തെ കുടിയൊഴിപ്പിക്കാനെത്തിയ കോടതി ജീവനക്കാരോട് പഞ്ചായത്ത് അധികൃതർ സംസാരിക്കുന്നു


ചേർപ്പ്  അമ്മാടത്ത് 80 വർഷമായി വാടകയ്‌ക്ക് താമസിക്കുന്ന വൃദ്ധയുൾപ്പെടെയുള്ള ആറംഗകുടുംബത്തെ കുടിയിറക്കുന്നത് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് തടഞ്ഞു.  അമ്മാടം ഷാപ്പ് പരിസരത്ത് ഒറ്റമുറിവീട്ടിൽ വാടകയ്‌ക്കു താമസിക്കുന്ന 80 വയസ്സുള്ള കരുവത്തുവളപ്പിൽ മാധവിയും മകനും ഭാര്യയും മൂന്ന്‌  പെൺമക്കളുമടങ്ങുന്ന ദരിദ്രകുടുംബത്തെയാണ് പൊലീസിന്റെ സഹായത്തോടെ കുടിയിറക്കാൻ കോടതി ജീവനക്കാരി എത്തിയത്. എന്നാൽ, മാധവിയും കുടുംബവും വാതിലടച്ച് മണിക്കൂറുകളോളം വീടിനകത്തിരുന്നു. കോടതിയിൽനിന്നെത്തിയ ആമീൻ കൊണ്ടുവന്ന രണ്ട് സഹായികളെക്കൊണ്ട് വാതിൽ ബലമായി തുറക്കാൻ തയ്യാറെടുത്തു. എന്നാൽ, നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ ശ്രമം പാഴായി. ബലമായി കുടിയൊഴിപ്പിക്കാൻ തങ്ങൾക്കധികാരമില്ലെന്നും ആമീന് സംരക്ഷണം നൽകാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്ന നിലപാട് പൊലീസും സ്വീകരിച്ചു.  ഇതോടെ കുടിയിറക്കു ശ്രമം ഉപേക്ഷിച്ച്‌ വന്നവർ മടങ്ങി. കൂലിപ്പണിക്കാരായ മാധവിയുടെ കുടുംബത്തിന് സ്വന്തമായി ഭൂമിയും വീടുമില്ല. സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫിൽ ഈ കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. വീടു ലഭിക്കുന്നതുവരെ കുടിയൊഴിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ്‌ സുബിത സുഭാഷ്, സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് പി പോൾ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളും ചേർപ്പ് സിഐ  ടി വി ഷിബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. Read on deshabhimani.com

Related News