വിധി പാലിച്ചില്ല; കൊറിയർകമ്പനി 
എംഡിക്കും മാനേജർക്കും വാറണ്ട്



തൃശൂർ ഉപഭോക്തൃ കോടതിവിധി പാലിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക്‌ വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ തിരുവമ്പാടിയിലെ ഉഷസ്സിൽ ശ്രീരാജ് മേനോൻ, അച്ഛൻ എൻ മുരളീധരൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിൽ ഡിടിഡിസി കൊറിയർ ആൻഡ്‌ കാർഗോയുടെ  തൃശൂരിലെയും രാജസ്ഥാനിലെ പിലാനിയിലെയും മാനേജർമാർ, ബംഗളൂരുവിലെ മാനേജിങ്‌ ഡയറക്ടർ എന്നിവർക്കെതിരെയാണ്‌   വാറണ്ടായത്‌.  ശ്രീരാജ് മേനോൻ പഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി പിലാനിയിൽനിന്ന് കൊറിയർവഴി അയച്ച സാധനങ്ങൾ തൃശൂരിൽ ലഭിക്കാത്തതിനെത്തുടർന്നാണ്‌ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്‌. ഇതേത്തുടർന്നാണ്‌ നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 3000 രൂപയും നൽകാൻ കോടതി വിധിച്ചത്‌. എന്നാൽ, കോടതിവിധി പാലിക്കാത്ത എതിർകക്ഷികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.   ഹർജി പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ എസ്‌ ശ്രീജ, ആർ രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്ക് വാറണ്ട് അയക്കുകയായിരുന്നു. മൂന്നുവർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. ഹർജിക്കാർക്കുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. Read on deshabhimani.com

Related News