285 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി നാർക്കോട്ടിക് ക്ലബ്



ഇടുക്കി വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ പൊലീസ് നടപ്പാക്കുന്ന ‘യോദ്ധാവ്’ പദ്ധതി ജില്ലയിൽ മുന്നേറുന്നു. വർധിച്ചുവരുന്ന മദ്യം- മയക്കുമരുന്ന് ഉപയോഗം, വില്പന, കടത്ത് എന്നിവക്കെതിരെ ജാഗ്രത പുലർത്തേണ്ട ആവശ്യകത മുൻനിർത്തിയാണ്‌ യോദ്ധാവ് പദ്ധതി ആവിഷ്കരിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയുള്ള പദ്ധതിയിൽ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായാണ് നടപ്പാക്കുന്നത്.   ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ ആരംഭിക്കുന്ന ഉണർവ്‌ ക്യാമ്പയിന് മുന്നോടിയായി ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിക്കുന്നതിന്‌  ജില്ലയിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് എന്നിവിടങ്ങളിൽ  ബന്ധപ്പെട്ട വകുപ്പുകൾ മുഖേന വിവരശേഖരണം നടത്തി. ജില്ലയിലെ 224 സ്കൂളുകളിലും 61 കോളേജുകളിലുമായി ആകെ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിച്ചു.    323 ബോധവൽക്കരണ ക്ലാസുകൾ യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 323 ബോധവൽക്കരണ ക്ലാസുകളും 475 റെയ്ഡുകളും നടത്തി. ലഹരി വിരുദ്ധ പ്രമോഷണൽ വീഡിയോകൾ തയാറാക്കി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യോദ്ധാവ് പദ്ധതിയെക്കുറിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നു. പ്രദേശവാസികൾ,  വിദ്യാർഥികൾ,   സ്റ്റുഡന്റ് പൊലീസ് എന്നിവരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണ റാലികൾ, വടംവലി, ഫ്ലാഷ് മോബ്, പോസ്റ്റർ പ്രചാരണം, ബ്രോഷർ വിതരണം, ഷോർട് ഫിലിം, ആന്റി നാർക്കോട്ടിക് പ്ലഡ്ജ് മുതലായവയും സംഘടിപ്പിച്ചു.   ഇടുക്കി നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാത്യു ജോർജിന്റെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും ആന്റി നാർക്കോട്ടിക് കോ-ഓർഡിനേറ്റർമാരുടെ യോഗം നടത്തി. പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന്‌ ജില്ലാതലത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും ജില്ലയിലെ എസ് ഐ റാങ്ക് മുതലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും എൻഡിപിഎസ് കേസുകൾ സംബന്ധിച്ചും പ്രത്യേകം പരിശീലനവും നൽകി. Read on deshabhimani.com

Related News