2200 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ 
പ്രതിജ്ഞയെടുത്തു

ക്ലാപ്പന വടക്ക് യൂണിറ്റിൽ ഡിവെെഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു


കൊല്ലം ലഹരി ഉപയോഗത്തിന്‌ തടയിടാൻ ആരംഭിച്ച  ‘ജനകീയ കവചം’ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയത് ലക്ഷക്കണക്കിന് യുവജനങ്ങൾ. ഞായർ വൈകിട്ട് 5.30ന് സംസ്ഥാനത്തെ 25,000 കേന്ദ്രത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ലഹരി വിരുദ്ധ പ്രചാരണത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ അണിനിരത്തിയ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരടക്കം വിവിധമേഖലയിലുള്ളവർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 2200 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തിയ യോഗങ്ങളിൽ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കരുനാഗപ്പള്ളി ക്ലാപ്പന വടക്ക് യൂണിറ്റിൽ ജില്ലാ സെക്രട്ടറി ശ്യാം മോഹനും കൊല്ലം കച്ചേരി യൂണിറ്റിൽ പ്രസിഡന്റ് ടി ആർ ശ്രീനാഥും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗൃഹസന്ദർശനം, പ്രചാരണ ജാഥകൾ, സൈക്കിൾ റാലികൾ, പോസ്റ്റർ പ്രചരണം, പ്രചാരണ ബോർഡ് സ്ഥാപിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ, കലാജാഥകൾ, കായിക മത്സരങ്ങൾ തുടങ്ങി വിവിധ ക്യാമ്പയിനുകളുമായി ലഹരിക്കെതിരെയുള്ള ജനകീയ കവചം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News