പ്ലസ്‌ടു: തൃശൂരിന്‌ മികച്ച വിജയം

ഡീ ...ന്റേംകൂടി നോക്കട്ടെ ..... പ്ലസ് ടു ഫലമറിഞ്ഞ കൂട്ടുകാരികൾക്കിടയിൽ ആകാംക്ഷയോടെ മൊബൈലിൽ ഫലം നോക്കുന്ന വിദ്യാർഥിനി, ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നിന്ന് / ഫോട്ടോ: കെ എസ് പ്രവീൺ കുമാർ


തൃശൂർ പ്ലസ്ടു പരീക്ഷയിൽ ജില്ലയ്‌ക്ക് തിളക്കമാർന്ന വിജയം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 196 സ്കൂളുകളിൽ പരീക്ഷയെഴുതിയ 32,741 കുട്ടികളിൽ 27,704പേർ തുടർപഠനത്തിന് യോഗ്യത നേടി. 85.05 ശതമാനമാണ്‌ വിജയം. വിഎച്ച്‌എസ്‌ഇയിൽ പരീക്ഷ എഴുതിയ 2627ൽ 2139 കുട്ടികളും വിജയിച്ചു. 81.42 ശതമാനമാണ്‌ വിജയം. എ പ്ലസ്‌ നേട്ടത്തിലും ജില്ല കൂടുതൽ നേട്ടം കൈവരിച്ചു.  വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടെങ്കിലും, ഹയർ സെക്കൻഡറിയിലും വിഎച്ച്‌എസ്‌ഇയിലും നാലാം സ്ഥാനം തൃശൂരിന്‌ ലഭിച്ചു.15 ഹയർസെക്കൻഡറി സ്‌കൂളുകളും മൂന്ന്‌ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളും നൂറു ശതമാനം വിജയം കൈവരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ കുട്ടികളിൽ ഏഴുപേർ 1200ൽ 1200 മാർക്കും കരസ്ഥമാക്കി തിളങ്ങി. 3351 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.  ബധിര–-മൂക കുട്ടികൾ പഠിക്കുന്ന പടവരാട് ആശാഭവൻ എച്ച്‌എസ്‌എസിലും കുന്നംകുളം ബധിരമൂക വിഎച്ച്‌എസ്‌ഇ സ്‌കൂളിലും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.  ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 2146 കുട്ടികളിൽ 1024പേർ വിജയം കൈവരിച്ചു. 49.37 ശതമാനമാണ് വിജയം. 22 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ടെക്നിക്കൽ സ്കൂളിൽ പരീക്ഷയെഴുതിയ 44പേരിൽ 33പേർ ഉപരിപഠനത്തിന് യോഗ്യതനേടി. വിജയശതമാനം 75. കഴിഞ്ഞ വർഷം ഇത്  65 ശതമാനമായിരുന്നു. ഒരു കുട്ടിക്ക്‌ മുഴുവൻ വിഷയത്തിലും പ്ലസ്‌ ലഭിച്ചു. കലാമണ്ഡലം ആർട്സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 64 വിദ്യാർഥികളിൽ 57പേർ ഉന്നത പഠനത്തിന്‌ യോഗ്യത നേടി. 89.06 ആണ്‌ വിജയശതമാനം. കഴിഞ്ഞതവണത്തേക്കാൾ 2.5 ശതമാനം വിജയം ഇക്കുറി ഉയർന്നു.  ഹയർസെക്കൻഡറി–- വിഎച്ച്‌എസ്‌ഇ പരീക്ഷകളിൽ യോഗ്യത നേടാനാകാത്ത കുട്ടികൾക്ക് സേ പരീക്ഷയ്ക്ക് അവസരമുണ്ട്. Read on deshabhimani.com

Related News