വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു



നേമം വെള്ളായണി കാർഷിക കോളേജ്‌ ഹോസ്‌റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചതായി പരാതി. ഐസിഎആർ അവസാന വർഷ ബിരുദ വിദ്യാർഥി ദീപികയാണ് അക്രമത്തിനിരയായത്. സഹപാഠി ലോലിത പാത്രം ചൂടാക്കി മുതുകിലും കൈയിലും പൊള്ളലേൽപ്പിച്ചെന്നാണ്‌ പരാതി. ഇരുവരും ആന്ധ്രപ്രദേശ്‌ സ്വദേശികളാണ്‌.   മെയ്‌ 19 നായിരുന്നു സംഭവം. ഇരുവരും ഹോസ്‌റ്റലിൽ ഒരുമുറിയിലാണ്‌ താമസം. ലോലിത ദീപികയെ പതിവായി മർദിക്കാറുണ്ടായിരുന്നു. ഭയംകാരണം ആരോടും പറഞ്ഞിരുന്നില്ല. പൊള്ളലേൽപ്പിച്ച വിവരവും ആരോടും പറയാതെ ദീപിക നാട്ടിലേക്കുപോയി. മുറിവ്‌ കണ്ട്‌ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ്‌ കാര്യങ്ങൾ പറഞ്ഞത്‌. വീട്ടുകാർ കോളേജിൽ വിവരം അറിയിച്ചു. ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായും ഭക്ഷണാവശിഷ്ടങ്ങൾ കഴിപ്പിച്ചതായും ദീപികയുടെ പരാതിയിൽ പറയുന്നു. സ്ഥിരമായി വസ്ത്രങ്ങൾ അലക്കിക്കുമായിരുന്നു. ചെയ്തില്ലെങ്കിൽ മർദിക്കും. ഇവരുടെ സഹപാഠിയും ആന്ധ്രപ്രദേശ്‌ സ്വദേശിയുമായ നിഖിലും മർദിക്കുമായിരുന്നു. ലോലിതയുടെ സുഹൃത്താണ്‌ നിഖിൽ.    ലോലിതയുടെയും ദീപികയുടെയും ഹോസ്‌റ്റൽ മുറിയിലെ താമസക്കാരിയായിരുന്ന മലയാളി വിദ്യാർഥിനി ജിൻസിന്‌ എല്ലാം അറിയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കോളേജ് അധികൃതർ തിരുവല്ലം പൊലീസിൽ പരാതി നൽകി. പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. കോളേജിലെ ആഭ്യന്തര കമ്മിറ്റി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. സംഭവം അറിഞ്ഞിട്ടും ഹോസ്റ്റൽ വാർഡൻ വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. ലോലിത, നിഖിൽ, മലയാളി വിദ്യാർഥിനി ജിൻസ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി കോളേജ്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News