മുഴുവൻ ആധാരങ്ങളും 
ഡിജിറ്റലാക്കും: മന്ത്രി വാസവൻ



  മാനന്തവാടി രജിസ്ട്രേഷൻ വകുപ്പിനെ കൂടുതൽ ആധുനികവൽക്കരിച്ച് മുഴുവൻ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ സംവിധാനങ്ങൾ വന്നതോടെ രജിസ്ട്രേഷൻ വകുപ്പ് കാലോചിതമായി മുന്നേറ്റത്തിന്റെ പാതയിലാണ്.  സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതോടെ ആധാരം രജിസ്ട്രേഷൻ രംഗത്ത് പുതിയ വേഗം കൈവരിക്കാനാവും. ആധാരം എഴുത്ത് ജീവനക്കാരുടെ ക്ഷേമപദ്ധതികൾ സർക്കാരിന്റെ ലക്ഷ്യമാണ്. രജിസ്ട്രേഷൻ മേഖല പൂർണമായും അഴിമതി മുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.  2018ലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ വിനിയോഗിച്ചാണ്‌ സബ്‌രജിസ്‌ട്രാർ ഓഫീസ്‌ നിർമിച്ചത്‌. ബ്രിട്ടീഷുകാരുടെ കാലത്തെ പഴയകെട്ടിടത്തിലായിരുന്നു ഇതുവരെ ഓഫീസ്‌ പ്രവർത്തനം. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമായത്‌ ഓഫീസ്‌ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു കെട്ടിട നിർമാണ ചുമതല. മാനന്തവാടി, പയ്യമ്പള്ളി, പേര്യ, വാളാട്, എടവക, നല്ലൂർനാട്, തിരുനെല്ലി, തവിഞ്ഞാൽ, തൃശിലേരി വില്ലേജുകളാണ് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ളത്‌. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഫലകം അനാച്ഛാദനംചെയ്തു. ഒ ആർ കേളു എംഎൽഎ,  രാഹുൽ ഗാന്ധി എംപി എന്നിവരുടെ സന്ദേശം വായിച്ചു.  എൻജിനിയർ സി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി വി എസ് മൂസ, ജില്ലാ രജിസ്ട്രാർ എ ബി സത്യൻ, സബ് രജിസ്ട്രാർ റെജു ജോർജ്, ബി ഡി അരുൺകുമാർ, അശോകൻ കൊയിലേരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News