ജീവനുവേണ്ടി നാടുണർത്തൽ സമരം ഇന്ന്



ആലപ്പുഴ കെഎസ്‌കെടിയു ജില്ലയിലെ 1500 യൂണിറ്റ് കേന്ദ്രങ്ങളിൽ  ചൊവ്വാഴ്‌ച  ജീവനുവേണ്ടി നാടുണർത്തൽ സമരംനടത്തും.  കോവിഡ്‌ മഹാമാരിയുടെ മറവിൽ കോർപറേറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ്‌ സമരം. ഉത്തേജക പാക്കേജിലൂടെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന നയം തിരുത്തുക, ആദായനികുതി അടയ്‌ക്കേണ്ടാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ വീതം മൂന്നുമാസം നൽകുക, തൊഴിലുറപ്പ് പദ്ധതിക്ക് ഒരുലക്ഷം കോടി രൂപകൂടി അനുവദിക്കുക, എഫ്സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിൽനിന്ന്‌ 50 കിലോ അരിവീതം എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി നൽകുക തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ. ലോക്ക്‌ഡൗൺ മാനദണ്ഡം പാലിച്ചാണ് പ്രതിഷേധം. കെഎസ്‌കെടിയു ജില്ലാസെക്രട്ടറി എം സത്യപാലൻ കരുവാറ്റയിലും ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ നൂറനാട്ടും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ സോമൻ ഹരിപ്പാട്ടും എൻ സുധാമണി പെരിങ്ങിലിപ്പുറത്തും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ കൈനകരിയിലും ഡി ലക്ഷ്‌മണൻ ആലപ്പുഴ നെഹ്റുട്രോഫിയിലും എൻ പി വിൻസന്റ്‌ പുളിങ്കുന്നിലും ഉദ്‌ഘാടനംചെയ്യും. സമരം വിജയിപ്പിക്കണമെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രാഘവനും ജില്ലാ സെക്രട്ടറി എം സത്യപാലനും അഭ്യർഥിച്ചു. Read on deshabhimani.com

Related News