വോട്ടർ പട്ടിക പുതുക്കൽ: 
ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ



കോട്ടയം  സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ താലൂക്ക്, വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ വോട്ടർപട്ടിക നിരീക്ഷകൻ കെ ബിജു. 26, 27 ഡിസംബർ 3,4 തീയതികളിലായി വില്ലേജ്, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനും നീക്കംചെയ്യാനും സൗകര്യമൊരുക്കാനും നിർദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നിനു പുതിയ വോട്ടർ പട്ടിക നിലവിൽ വരും. നിലവിൽ ജില്ലയിൽ വോട്ടർ പട്ടികയെ കുറിച്ച് ലഭിച്ച പരാതികൾ ഡിസംബർ പകുതിയോടെ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വോട്ടർപട്ടിക നിരീക്ഷകൻ നിർദേശം നൽകി. വോട്ടർപട്ടിക പുതുക്കൽയഞ്ജം 2023 ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കലക്ടർ ഡോ. പി കെ ജയശ്രീ അധ്യക്ഷയായി ചേർന്ന യോഗത്തിലാണ് നിർദേശം. 
ജില്ലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കൽ 57.53 ശതമാനം പൂർത്തിയായതായും തുടർനടപടികൾ വേഗത്തിലാക്കാനും കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വോട്ടർപട്ടിക നിരീക്ഷകൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൈക്കം നിയോജക മണ്ഡലത്തിലാണ് കൂടുതൽ പേർ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത്. കുറവ് കോട്ടയം മണ്ഡലത്തിലും.   17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ നൽകാം. പ്രവാസി വോട്ടർമാരുടെ പേരുകൾ ചേർക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കാനുള്ള നടപടികളും സുതാര്യമാക്കണം. യോഗത്തിൽ രാഷ്ട്രീയ പാർടി പ്രതിനിധികളും തെരഞ്ഞെടുപ്പ് വിഭാഗം –- വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു Read on deshabhimani.com

Related News