ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസ്‌: പ്രതിക്ക്‌ മരണംവരെ ജീവപര്യന്തം



മഞ്ചേരി പ്രായപൂർത്തിയാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മരണംവരെ ജീവപര്യന്തം തടവും രണ്ട്‌ ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി പി ടി പ്രകാശ് ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് മരണംവരെ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് 50,000 രൂപ പിഴയും ജീവപര്യന്തം തടവും അനുഭവിക്കണം.      പോക്‌സോ വകുപ്പ് പ്രകാരം പലതവണ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനും ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഏഴുവർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഒരുവർഷം കഠിനതടവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിനതടവും അനുഭവിക്കണം. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷംവീതം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. നഷ്ടപരിഹാര തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും വിധിന്യായത്തിൽ പറഞ്ഞു.  പതിനാറ്‌ സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പതിനാല്‌ തെളിവുകൾ ഹാജരാക്കി. പെൺകുട്ടിയുടെ അച്ഛൻ നൽകിയ ഹർജി പരിഗണിച്ച് 2020ൽ കേസ് വേഗത്തിൽ തീർപ്പാക്കുവാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ജോലിസ്ഥലത്തുനിന്ന് ലീവിന് എത്തിയ പ്രതി 2018 ജൂലൈയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തി പിന്നീട് പലതവണ ബലാത്സംഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. Read on deshabhimani.com

Related News