ഓട്ടോയിൽ മയക്കുമരുന്ന്‌ 
വിൽക്കുന്നയാൾ പിടിയിൽ



കോഴിക്കോട് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച്‌ നഗരത്തിൽ മയക്കുമരുന്ന്‌ വിൽക്കുന്നയാൾ പിടിയിൽ. കണ്ണാടിക്കലിലെ വീട്ടിൽനിന്ന്‌ 66.6 ഗ്രാം എംഡിഎംഎയുമായാണ്‌ ഒറ്റകണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ (39, ജാസർ അറാഫത്ത്‌)  പിടിയിലായത്‌. നഗരത്തിലെ മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് കാമിൽ ജബ്ബാർ എന്ന്‌ പൊലീസ്‌ പറഞ്ഞു.   ആവശ്യക്കാരെ ഓട്ടോയിൽ കയറ്റി യാത്രക്കിടെ മയക്കുമരുന്ന് കൈമാറി അവരെ മറ്റ് സ്ഥലങ്ങളിൽ ഇറക്കി തന്ത്രപരമായാണ്‌ കച്ചവടം. ബംഗളൂരുവിൽനിന്നാണ് ഇയാൾ എംഡിഎംഎ കൊണ്ടുവരുന്നത്. ചെറിയ പൊതികളാക്കിയാണ്‌ വിതരണം. കൂടുതൽ ആവശ്യമുള്ളവർക്ക് ബംഗളൂരുവിൽനിന്ന് നേരിട്ട് എത്തിച്ചുനൽകും.  മയക്കുമരുന്ന് ഉപഭോക്താക്കൾക്കിടയിൽ ജബ്ബാർ എന്നും ഓട്ടോ തൊഴിലാളികൾക്കിടയിൽ ജാസർ അറാഫത്ത് എന്നുമാണ്‌ അറിയപ്പെട്ടത്‌. ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ്‌ ആളെ മനസ്സിലാക്കിയത്‌. ബംഗളൂരുവിൽനിന്ന്‌ എത്തിച്ച എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ്‌ അറസ്റ്റ്‌. പ്രതിയെ റിമാൻഡ്‌ ചെയ്തു. എസ്‌ഐ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും നർക്കോട്ടിക് എസ്‌ഐ മനോജ് ഇടയേടത്തിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും സിറ്റി ആന്റി നർക്കോട്ടിക് ഷാഡോസും ചേർന്നാണ്‌ പ്രതിയെ പിടിച്ചത്‌. Read on deshabhimani.com

Related News