9 മാസത്തെ ഭരണസ്‌തംഭനം; 
ഒടുവിൽ പുറത്തേക്ക്‌

കോട്ടയം നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായതിനെതുടർന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെയും, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം


കോട്ടയം വാർഡുകളിലെ ചെറിയ വികസനംപോലും മുരടിച്ച ഒമ്പതുമാസം. ഒടുവിൽ അവിശ്വാസത്തിൽ വീണ്‌ കോൺഗ്രസ്‌ ഭരണം. അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 29 വോട്ട്‌ നേടി പാസായി.  ഇക്കാലമത്രയും നഗരസഭയിൽ നടന്ന ഓരോ ക്രമക്കേടും എണ്ണിയെണ്ണി പറഞ്ഞുള്ള പ്രമേയമാണ്‌ എൽഡിഎഫ്‌ നൽകിയത്‌. പ്രമേയ ചർച്ചയിൽ പങ്കെടുത്ത മുഴുവൻ കൗൺസിലർമാരും ചെയർപേഴ്‌സന്റെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ചു. വ്യക്തിപരമായി നേരിട്ട പ്രശ്‌നങ്ങളടക്കം കൗൺസിലർമാർ വിശദീകരിച്ചു.  ഭരണത്തിന്റെ അവസ്ഥ വ്യക്തമായി അറിയാവുന്ന യുഡിഎഫിലെ ഒരംഗം പോലും അവിശ്വാസ ചർച്ചയ്‌ക്ക്‌ എത്തിയില്ല. ചെയർപേഴ്‌സന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ യുഡിഎഫിലെ ഒരുവിഭാഗം കൗൺസിലർമാർ നേരത്തെ നിലപാടെടുത്തിരുന്നു. ഇതേത്തുടർന്ന്‌ ചർച്ച ബഹിഷ്‌കരിക്കാൻ യുഡിഎഫ്‌ നേതൃത്വം കൗൺസിലർമാർക്ക്‌ വിപ്പ്‌ നൽകി. 22 എൽഡിഎഫ്‌ അംഗങ്ങളും എട്ട്‌ ബിജെപി അംഗങ്ങളും വോട്ടെടുപ്പിനെത്തി. ബാലറ്റ്‌ ഉപയോഗിച്ച്‌ ഓപ്പൻ വോട്ടെടുപ്പാണ്‌ നടത്തിയത്‌. വോട്ടെടുപ്പിനുശേഷം വരണാധികാരി ഓരോ ബാലറ്റും എടുത്ത്‌, വോട്ട്‌ ചെയ്‌ത കൗൺസിലറുടെ പേരടക്കം സഭയിൽ വായിച്ചു. ബാലറ്റിൽ പേരും ഒപ്പും എഴുതാൻ വിട്ടുപോയ ഒരു വോട്ട്‌ അസാധുവായി.  ചർച്ചയിൽ എൽഡിഎഫിനുവേണ്ടി പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ, എൻ എൻ വിനോദ്‌, ജോസ്‌ പള്ളിക്കുന്നേൽ, സുനു സാറാ ജോൺ, ഷേബാ മാർക്കോസ്‌, എം എസ്‌ വേണുക്കുട്ടൻ, പി എൻ സരസമ്മാൾ, ടി എൻ മനോജ്‌, എൻഡിഎയ്‌ക്കു വേണ്ടി ടി ആർ അനിൽകുമാർ, കെ ശങ്കരൻ, വിനു ആർ മോഹൻ, കെ യു രഘു, റീബ വർക്കി, ബിജുകുമാർ പാറയ്‌ക്കൽ എന്നിവർ സംസാരിച്ചു.  അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഓഫീസ്‌ അങ്കണത്തിൽ പ്രകടനവും യോഗവും നടത്തി. യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയ്‌ സംസാരിച്ചു. Read on deshabhimani.com

Related News